മുംബൈവാല
ബിടെക് പഠനം ഒക്കെ കഴിഞ്ഞു വീട്ടിൽ ഇരുപ്പായിട്ട് ഒരു കൊല്ലം ആയി.ജോലി ഒന്നും ആയിട്ടും ഇല്ല.അങ്ങനെ ഒക്കെ ഇരുന്നപ്പോൾ ആണ് ജൂലൈ 14-നു അമലും,ആൽബിൻ-പീറ്ററും ധ്യാനം എന്ന പ്ലാൻ മാറ്റി മുംബൈ വരെ പോകാൻ പ്ലാനിട്ട് എന്നെ വിളിക്കുന്നത്.അമലിന്റെ കസിൻ തോമു അവിടെ ഉണ്ട്.എണ്ണിപ്പറക്കി നോക്കിയപ്പോൾ കൈയിൽ ഒരു 300 രൂപ.പിന്നെ ഒന്നും നോക്കില്ല ഇന്റർവ്യൂ എന്ന് പറഞ്ഞു അമ്മേടെ കൈയിൽ നിന്ന് ഒരു 500-രൂപയും ചേട്ടന്റെ കൈയിൽ നിന്ന് എ.ടി.എം കാർഡും കൈപ്പറ്റി എറണാകുള൦ സൗത്തിലേക്കു.ഏകദേശം ഒരു ദിവസം തികച്ചുള്ള യാത്ര വേണം.11 മണിയുടെ മംഗലാപുരം ട്രെയിൻ കേറി,മുന്ന് പേർക്കു 345 രൂപ ജനറൽ ടിക്കറ്റിൽ.കേറി ഇരിക്കാനുള്ള സീറ്റ് ഒന്നും ഇല്ല.പിന്നെ ചാലക്കുടി പോട്ടയിൽ യഥാർത്ഥ ധ്യാനം കൂടാൻ പോയ കുറച്ചു പിള്ളേരെ കിട്ടി സംസാരിക്കാൻ.നിൽപ്പോടു നിൽപ്പ്.രണ്ടു മൂന്ന് സ്റ്റേഷൻ കഴിഞ്ഞു അവരിലൊരാൾ തലകറങ്ങി വീണു.അടുത്ത സ്റ്റേഷനിൽ ആളെ ഡിസബിലിറ്റി കംപാർട്മെന്റിലേക്ക് ഒരുവന്റെ കൂടെ മാറ്റിച്ചു.പീറ്ററിനും അമലിനും ഇത് പുതിയ അനുഭവം ആണ്.പണ്ട് ഞാൻ കോഗർണ്ണക്കു പോയിട്ടുണ്ട് ജനറലിൽ.അന്ന് കിടക്കാൻ സ്‌ഥലം കിട്ടാഞ്ഞിട്ട് ഭായിയോട് പറഞ്ഞു സീറ്റ് പങ്കിട്ടെടുത്തു.ബലഹീനനാവുന്ന മനുഷ്യൻ കുറച്ചു സോഷ്യൽ ഒക്കെ ആവും.ഇടക്ക് എപ്പോഴോ സീറ്റ് കിട്ടി.മംഗലാപുരം എത്തിയപ്പോൾ രാവിലെ 12 മണി ഒക്കെ ആയി.ഇനി മുംബൈ ട്രെയിൻ 2 മണിക്കാണ്.ആ സമയം ഒന്ന് കുളിച്ചു റെഡി ആയി.നല്ല വൃത്തി ഉള്ള കുളിമുറിയും കക്കൂസും ഒക്കെ ആണ്.പിന്നെ ഭക്ഷണവും അവിടുന്ന് തന്നെ ഉള്ള റെയിൽവേ ക്യാന്റീനിൽ നിന്നും.ബിരിയാണി അത്ര സുഖം ആയില്ല. ടിക്കറ്റിന് 900 രൂപ ആയി 3 പേർക്കും കൂടി.ബഡ്ജറ്റിൽ കാര്യമായ കമ്മി.എടുക്കാതെ പറ്റിച്ചു പോയായിരുന്നേൽ നന്നായിരുന്നേനെ എന്ന ആശയം ഞങ്ങൾ പങ്കിട്ടു.ഏതായാലും 2 നു തന്നെ ട്രെയിൻ പുറപ്പെട്ടു.മുംബൈയെ പറ്റി കാര്യമായ ഒരറിവും ഇല്ല.ആകെ അറിയാവുന്നതു 'സ്ലം ഡോഗ് മില്ലിൻറും' പിന്നെ ധർമേന്ദ്രയുടെ ധാരാവിയെ പറ്റിയുള്ള കുറച്ചു ഡോക്യൂമെന്ററികളും ഒക്കെ ആണ്.സായിപ്പന്മാർ ധാരാവിയിൽ കൂടി കറങ്ങുന്ന ചില രസികൻ യൂട്യൂബ് വിഡിയോകൾ കണ്ടിട്ടുണ്ട്.ബോളിവുഡ് സിനിമയുടെ കേന്ദ്രവും ആണെന്ന് അറിയാം,മുംബൈ നഗരത്തിൽ ഷൂട്ട് ചെയ്തവയാണ് കണ്ട ബോളിവുഡ് സിനിമകൾ ഒക്കെ തന്നെ.
ഇരിക്കാൻ ഉള്ള സീറ്റ് ഒക്കെ കുറെ ഉണ്ട്.ഇനിയുള്ള പാതയുടെ സവിശേഷത എന്താണ് എന്ന് ചോദിച്ചാൽ ഇത് കൊങ്കൺ പാതയാണ് എന്നുള്ളതാണ്.നമ്മുടെ മെട്രോ ശ്രീധരൻ സാറിന്റെ നേതൃത്വത്തിൽ വളരെ ശ്രമകരമായി,വർഷങ്ങൾ കൊണ്ട് പണിതതാണ് ഇത്.കുന്നുകളും പുഴകളും ദുർഘടമാക്കിയ സ്ഥലത്തു കൂടെ പാത പണിയുക എന്നത് ഒട്ടും എളുപ്പം ആയിരുന്നിരിക്കില്ല.ഇതിലൂടെ ഉള്ള യാത്ര മറക്കാൻ സാധിക്കാത്ത ഒന്നാണ്.പ്രകൃതിയുടെ മനോഹാരിതയും വശ്യതയും അറിയണമെങ്കിൽ ഇതിലൂടെ ഉള്ള ഒരു യാത്ര മതി.എട്ടാം ക്‌ളാസിലെ മലയാളം പാഠപുസ്തകത്തിൽ പഠിച്ച ബാലിയെ പോലെ വയലുകൾക്കിടയിൽ ചെറു ക്ഷേത്രങ്ങൾ ഒക്കെ കണ്ടു.നിറയെ നെൽ പാടങ്ങൾ ആണ്.പച്ച വിരിച്ച കുന്നുകൾ.നീരരുവികൾ ഒഴുകുന്ന താഴ്വാരങ്ങളെ കവച്ചു വയ്ക്കുന്ന പാലങ്ങളിലൂടെ ട്രെയിൻ നീങ്ങിക്കൊണ്ടിരുന്നു.ഇരുണ്ട തുരങ്കങ്ങളിൽ കയറുന്ന ട്രെയിൻ ഇരുട്ടിൽ വലിയ ശബ്ദം ധ്വനിപ്പിക്കുന്നുണ്ട്.വലിയ പുഴകളെ എളുപ്പത്തിൽ കടന്നു പോകാൻ നീണ്ട പാലങ്ങൾ.കൂടാതെ മഴ,ഈ യാത്രയിൽ ഉടനീളം മഴ പെയ്തുകൊണ്ടിരുന്നിരുന്നു.ഇരട്ടി സന്തോഷം.അതിനാൽ ചൂടൊക്കെ കുറഞ്ഞ യാത്ര ഒരനുഗ്രഹമായി.ഏതൊരാളും ഒരിക്കലെങ്കിലും ഈ പാതയിലൂടെ പോകേണ്ടതാണ്.കുറെ വിഡിയോകളും ഫോട്ടോസും ഒക്കെ എടുത്തു.ഇതിനിടയിൽ യുവാക്കളുടെ സ്വർഗം ആയ ഗോവയും മറ്റു ശാന്തസുന്ദരമായ സ്റ്റേഷനുകളും ഒക്കെ കടന്നു പോയി.അത്യാവശ്യം ചെറുകടികൾ ഒക്കെ മേടിച്ചു വിശപ്പടക്കി.
ഇരുട്ടാകും തോറും തിരക്ക് കൂടി കൂടി വന്നു.അവസാനം ഞെരുങ്ങി ഇരിക്കാൻ തക്ക തിരക്കായി.മുംബൈക്ക് ഉള്ള ഒരു തടിയനായ കന്നഡക്കാരനും-എക്സിക്യൂട്ടീവ് വേഷം ആണ്, പിന്നെ ഉത്തർപ്രദേശ് പോകുന്ന ചില ഹിന്ദിക്കാരും ഒക്കെ ആയിരുന്നു ഞങ്ങളുടെ അടുത്ത് ഉണ്ടായിരുന്നത്.കന്നഡക്കാരൻ ചുറ്റും ഉള്ള ആളുകളുമായി നല്ല സംസാരം ആണ്.സ്വദേശക്കാരാണ് എന്ന ധാരണയിൽ ഞങ്ങളോടും എന്തോ കന്നഡയിൽ പറഞ്ഞു,മനസിലായില്ല ചെറിയ പുഞ്ചിരി പാസ്സാക്കി. ആള് സംസാരപ്രിയനാണ്.പിന്നെ കക്ഷി ഹിന്ദിക്കാരോടായി സംസാരം.നേരം പോയികൊണ്ടിരുന്നു,ഉറങ്ങാൻ ഒരു രക്ഷയും ഇല്ല.കുറച്ചു നേരം അറിയാവുന്ന ഹിന്ദി വച്ച് ഞങ്ങൾ ഭായിമാരോട് സംസാരിച്ചു,ഗോവയിൽ വഞ്ചി പണിക്ക് പോയതാണ്.മഴകാരണം പണി മുടങ്ങി 12 ദിവസം കഴിഞ്ഞു നാട്ടിലേക്കു തിരിച്ചു പോവുകയാണ്.വഞ്ചി തുഴയാൻ ആണോ വഞ്ചി ഉണ്ടാക്കാൻ ആണോ എന്നറിയാൻ പറ്റിയില്ല,അതിനുള്ള ഹിന്ദി ഞങളുടെ കൈവശം ഉണ്ടായിരുന്നില്ല.അതിൽ ഒരാൾ നേരത്തെ കേരളത്തിൽ വന്നിട്ടുണ്ട്.നമ്മുടെ നാടിനെ നല്ല മതിപ്പാണ്.കൂടാതെ നമ്മുടെ വിദ്യാഭ്യാസരീതിയെ പറ്റിയൊക്കെ ചോദിച്ചറിഞ്ഞു.അറിയാവുന്ന പോലെ ഒക്കെ പറഞ്ഞു കൊടുത്തു.മുംബൈ എത്തിയ ശേഷം ഒരു ദിവസം കുടി ഉണ്ട് ഇനി അവർക്കു യാത്ര.സമയം രാവിലെ 3-ഒക്കെ ആയി.പീറ്ററിന്റെ തല എന്റെ തോളിൽ ആണ്.ഞാൻ കാല് എടുത്ത് എതിരെ ഇരുന്ന അമലിന്റെ സൈഡിലേക്ക് കയറ്റിവച്ചു.കന്നഡക്കാരൻ കുറച്ചു സ്ഥലം ഒപ്പിച്ചു ഉടൽ വച്ച് കിടന്നു.കുറച്ചു നേരം അങ്ങോട്ടു വക്കും,പിന്നെ ഇങ്ങോട്ടു.പുള്ളിക്ക് നടുവിൽ എന്തോ ഓപ്പറേഷൻ ഒക്കെ ചെയ്തോണ്ട് അങ്ങനെ മാറി മാറി കിടക്കണം.മുകളിലെ ബെർത്തുകളിൽ രണ്ടു പേർ വീതം ആണ് കിടക്കുന്നത്.അങ്ങനെ കുറെ ഒക്കെ സമയം പോയി.ഹെഡ്സെറ്റ് ഉള്ളതു നല്ല ഉപകാരം ആയി.ഇതിനിടയിൽ ഹോളിവുഡ് സിനിമ 'ഗോഡ്ഫാദറി'ലെ 'മാർലോൺ ബ്രാൻഡോ' യുടെ ചേഷ്ട ഉള്ള ഒരാളെ കണ്ടത് അമൽ കാണിച്ചുതന്നു.ആളെ കാണാനും,സംസാരരീതിയും ഒക്കെ ഏകദേശ൦ അതുപോലെ ഒക്കെ തന്നെ.അങ്ങനെ രാവിലെ 5 ഒക്കെ ആയപ്പോൾ മുംബൈ നഗരം ചില മുറികളിൽ ലൈറ്റുകളിട്ട ഫ്‌ളാറ്റുകളുടെ കാഴ്ച സമ്മാനിച്ച് ഞങ്ങളെ വരവേറ്റു.മുംബൈ നഗരത്തിലേക്ക് 3 അപരിചിതർ കടന്നുവരുന്നു.ഓ നഗരമേ! നിന്റെ വാതായനങ്ങൾ ഈ പാവം മലയാളി അപരിചിതന്മാർക്കായി തുറന്നു തരു.പിന്നെ കന്നഡക്കാരനുമായി സംസാരിച്ചു.കക്ഷി നാട്ടിൽ പോയതാണ്,മഡ്‌ഗോവ ഉള്ള അമ്മയെ കാണാൻ.10 വർഷത്തോളം ആയി മുംബൈക്ക് കുടിയേറിയിട്ടു.അവിടെ ഏതോ സ്റ്റാർ ഹോട്ടലിൽ ജോലി ചെയ്യുന്നു.ആകെ ഉള്ള ആൺതരി,6 സഹോദരിമാർ ആണ് പുള്ളിക്ക്.മുംബൈയിൽ നാട്ടിലെക്കാൾ നല്ല വിദ്യാഭാസം ആണ് കുട്ടികൾക്ക്.ആൾടെ കുട്ടികളുടെ ഫോട്ടോയും ഹോട്ടലും മൊബൈലിൽ കാണിച്ചു തന്നു.നമ്മുടെ നാട്ടിൽ ഉണ്ടായ പ്രളയത്തെ പറ്റിയൊക്കെ ആള് ചോദിച്ചു.ഏതായാലും ഞങ്ങളുടെ മുംബൈ യാത്രക്ക് ആശംസകൾ ഒക്കെ തന്നു പുള്ളി താനെ സ്റ്റേഷനിൽ ഇറങ്ങി.രാവിലെ 9-ഒക്കെ ആയപ്പോൾ ലോകമാന്യ തിലക് സ്റ്റേഷനിൽ ആണ് ഞങ്ങൾ ഇറങ്ങിയത്.ഇറങ്ങി വന്നപ്പോൾ തന്നെ ടാക്സിക്കാർ ചുറ്റും കൂടി.അത്യാവശ്യം ബാർഗൈൻ ചെയ്തു ഒരോട്ടോയിൽ കയറി സാക്കിനാക്ക മെട്രോ സ്റ്റേഷൻ പിടിച്ചു.അവിടെ ആണ് തോമു,അവൻ താമസിക്കുന്നത് 8 പേരുള്ള ഡോർമെറ്ററിയിൽ ആയതിനാൽ വേറെ റൂം അടുത്തുതന്നെ റെഡിയാക്കി തന്നു,അടുത്തുള്ള വേറെ ഒരു ഹോട്ടലിൽ.ഒരു ദിവസം 1500 രൂപ.ഫ്രഷ് ആയി,താഴെ മലയാളി ഹോട്ടലിൽ നിന്ന് ആഹാരവും കഴിച്ചു.
മുംബൈ എത്തുന്നതിന് മുൻമ്പേ ട്രെയിനിൽ വച്ച് തന്നെ ധാരാവി ആയിരിക്കണം ആദ്യ സന്ദർശനം എന്ന് തീരുമാനിച്ചിരുന്നു.സ്‌ക്രീനിൽ കണ്ട ധാരാവിയെ നേരിട്ട് കാണാൻ ഉള്ള ആകാ൦ക്ഷ.എവിടെ പോകണ൦ എങ്കിലും നേരെ അന്ധേരിക്കു മെട്രോ പിടിക്കുക,എന്നിട്ട് അവിടുന്ന് ലോക്കൽ ട്രെയിൻ എന്ന് തോമു പറഞ്ഞായിരുന്നു.അതനുസരിച്ചു തന്നെ ട്രെയിൻ പിടിച്ചു.സൈയൻ സ്റ്റേഷനിൽ ഇറങ്ങി നടന്നു.ധാരാവി നല്ല തിരക്കേറിയതാണ്.റോഡിലൂടെ ആളുകളും വണ്ടികളും അച്ചടക്കമില്ലാതെ സഞ്ചരിച്ചു കൊണ്ടിരുന്നു,വണ്ടികളുടെ കാതടപ്പിക്കുന്ന ശബ്ദം.ഇടുങ്ങിയ വഴിക്കിരുവശങ്ങളിലും കടകളും വഴിയോരക്കച്ചവടക്കാരും നിറഞ്ഞുനിന്നു.ഇതിനിടയിലൂടേ കുറെ കുട്ടികൾ സ്കൂൾ യൂണിഫോം ഒക്കെ ഇട്ടു പോകുന്നുണ്ട്.ടൈ ഒക്കെ ഉണ്ട്.നല്ല നിലവാരം ഉള്ള സ്കൂളിൽ ആണ് അവരൊക്കെ പഠിക്കുന്നത് എന്ന് തോന്നുന്നു.കന്നഡക്കാരൻ തടിയൻ പറഞ്ഞതു ഓർമ്മ വന്നു,കൂടാതെ സന്തോഷവും.വിദ്യാഭാസം ഒരു തലമുറയുടെ സാമൂഹികവും ആത്മീയവും ആയ ജീവിതത്തിനു വഴി വെക്കുന്നുണ്ട്.ചില ചെറിയ കുട്ടികൾ നാഥനില്ലാതെ തന്നെ അതിലെ നടക്കുന്നുണ്ട്.വെറുതെ അലയാൻ വിട്ടേക്കുന്നു എന്ന ചിന്ത ആണ് വന്നത്.ഒരുപക്ഷെ സുരക്ഷിതം ആയിരിക്കാം.ആകെ അവിടെ കണ്ട ഒരു പൊതുസ്ഥാപനമായ തപാലാപ്പീസിനു മുൻപിൽ നിന്ന് കുറച്ചു ഫോട്ടോസ് എടുത്തു.ധാരാവി പറയുന്നത് പോലെ വലിയ ഭീകരമായ സ്ഥലം ഒന്നും അല്ല.പ്രധാന പാതക്ക് ശാഖകൾ പോലെ ചെറു ഇടനാഴി വഴികൾ ഉണ്ട്.അതിലൂടെ ഒക്കെ കയറിനടന്നു.ചെറിയ ഒരു അരികിൽ ഒരു ക്രിസ്ത്യൻ പള്ളി ചുരുങ്ങി കൂടി നിൽക്കുന്നുണ്ട്.ചില ഇടത്തൊക്കെ കുടിൽ വ്യവസായങ്ങയൊക്കെ കാണാൻ പറ്റി.ചെറിയ ഒരു കുടുസുമുറിയിൽ ഉള്ള ജീൻസ് നിർമ്മാണവും,ബാഗ് നിർമ്മാണവും ഒക്കെ കൗതുകം ജനിപ്പിച്ചു.വീടുകളൊക്കെ കുറവാണു.ഒരു പെൺകുട്ടി കോണി ഉപയോഗിച്ചു ഒരു ചെറിയ പലക വാതിൽ വഴി കടയുടെ മുകളിലെ തൻറെ ഭവനത്തിലേക്ക് വലിഞ്ഞു കയറുന്ന കാഴ്ച കാണാൻ ഇടയായി.പോയ വഴി മലിനജലം കെട്ടി ഇരുണ്ടു കിടന്ന ഒരു ജലപാത ഉണ്ട്.കുറച്ചുകൂടി പോയപ്പോൾ ആളുകൾ ഒക്കെ പാർക്കുന്ന വലിയ ഫ്ലാറ്റ് പോലത്തെ കെട്ടിടങ്ങൾ കണ്ടു.അവരെ ഒക്കെ ഒരു പക്ഷെ മാറ്റി പാർപ്പിച്ചതാവും.ധാരാവിയുടെ ഒരു ചെറിയ ഭാഗമേ കണ്ടിട്ടുളളു.ആളുകൾ തിങ്ങിപ്പാർക്കുന്ന ചേരികളിൽ പോവാൻ സാധിച്ചില്ല.സത്യത്തിൽ അവിടെ ആയിരിക്കാം ധാരാവിയുടെ ആത്മാവ് ഉറങ്ങുന്നത്.
ഇനി യാത്ര ഗേറ്റ്വേ ഓഫ് ഇന്ത്യ-ലേക്ക്.ലോക്കൽ ട്രെയിൻ കേറി ഛത്രപതി ശിവാജി ടെർമിനലിൽ ഇറങ്ങി.ഛത്രപതി ശിവാജി സ്റ്റേഷൻ,അവിടെ നിന്ന് ബസ്സിന്.ഇവിടെ ഗവണ്മെന്റ് ബസ് സർവീസ് മാത്രം ഉള്ളു.നിരക്കാണേൽ വളരെ കുറവാണു,5 രൂപയുള്ളൂ മിനിമം ചാർജ്.അതുപോലെ തന്നെ ലോക്കൽ ട്രെയിൻ,മെട്രോ ട്രെയിൻ നിരക്കൊക്കെ നാടിനേക്കാൾ വളരെ മെച്ചമാണ്.പിന്നെ കുറെ കാർ ടാക്സികൾ ഉണ്ട്.ഛത്രപജി ശിവാജി ടെർമിനൽ കാണേണ്ട കാഴ്ച തന്നെ ആണ്.ബ്രിട്ടീഷ് നിർമിതിയുടെ കലാവിരുത് അവിടെ തെളിവാകുന്നത്.തുടർന്നങ്ങോട് ഗേറ്റ്വേ വരെ ബ്രിട്ടീഷ് സംഭാവനയുടെ ചാരുതയാണ് കെട്ടിടങ്ങളിൽ കാണാൻ സാധിക്കുന്നത്.ആ കെട്ടിടങ്ങളുടെ മുകളിൽ കല്ലുകൊണ്ടുള്ള ശില്പങ്ങൾ കാണാൻ സാധിക്കും.പ്രൗഢിനിറഞ്ഞവയാണ് അവ.കൊട്ടാര സദ്രശ്യമായ കെട്ടിടങ്ങൾ.കുറെ ഫോട്ടോസ് ഒക്കെ എടുത്തു.പോകുന്ന വഴിക്കു തന്നെ റിസേർവ് ബാങ്ക് ഓഫ് ഇന്ത്യ-ഉം കാണാൻ പറ്റി.വൻ സുരക്ഷയാണ്.അങ്ങോട്ടുള്ള ഓരോ ആളുകളും പട്ടാളക്കാരെ എന്തോ പേപ്പർ ഒക്കെ കാണിച്ചു കൊടുത്താണ് കേറുന്നത്.ചില അസുഖകരമായ കാഴ്ചകൾ ഒക്കെ കാണാൻ ഇടയായി.ചില മനുഷ്യരൊക്കെ മെട്രോക്കടിയിലെ മൺതിട്ടയിൽ ചുരുണ്ടുകൂടി കിടക്കുന്നുണ്ട്.കൂടാതെ ചെറു മാടപ്പുരകളിൽ ചുരുളുന്ന കുടുംബങ്ങൾ ഒക്കെ നഗരത്തിലെ ഒറ്റപ്പെട്ട കാഴ്ചകൾ ആയി.റോഡിലൂടെ ഉന്തുവണ്ടികളിൽ വലിയ ഭാരം കൊണ്ടുപോകുന്ന ചിലർ.വണ്ടികളും ആളുകളും ഒക്കെ വഴി മാറാൻ വലിയ കാഹളം ഒക്കെ മുഴക്കി ആണ് നീങ്ങുന്നത്.ഛത്രപതിക്കു പോയ ട്രെയിൻ യാത്ര കുറച്ചു ചേരികൾ ഒക്കെ കടന്നായിരുന്നു പോയത്.രസകരമായ ഒരു ക്യാപ്ഷൻ അവിടെ കാണാൻ ഇടയായി.സ്‌പ്രേ പെയിന്റ് ചെയ്ത കുറെ കലാസൃഷ്ടികൾക്കിടയിൽ 'ഹു വാച്ച് ദി വാച്ച്മാൻ ' എന്നതായിരുന്നു അത്.സത്യമല്ലേ?.വലിയൊരു പൈപ്പിൽ ആയിരുന്നു അത് എഴുതിയത്.അങ്ങനെ ഗേറ്റ്വേ എത്തി.എനിക്കറിയില്ലായിരുന്നു താജ് ഹോട്ടൽ അവിടെ ആയിരുന്നു എന്ന കാര്യം.അവ രണ്ടും മുഖാ-മുഖം തലയുയർത്തി നിന്ന്.അജ്മൽ കസബ് ഉൾപ്പെടെ ഉള്ള ഭീകരർ കേറി കുറെ ജീവൻ എടുത്ത താജ് ഹോട്ടൽ.അന്ന് 2008-ൽ തത്സമയം പട്ടാളക്കരുടെ നീക്കങ്ങൾ ടി.വി-യിൽ സംപ്രേഷണം ചെയ്തു കണ്ടതൊക്കെ ഓർമ്മയിൽ വന്നു.വിലയേറിയ കാറുകൾ അതിന്റെ കവാടത്തിലെ സുരക്ഷാ മതിലുകൾക്കു മുമ്പിൽ വന്നു നിന്നുകൊണ്ടിരുന്നു.ആളുകളെയും വാഹനങ്ങളെയും ചെക്ക് ചെയ്യും.വലിയ ഒരു ഹോട്ടൽ,മകുടങ്ങൾ ഒക്കെ മുകളിൽ കാണാം.കുറെ ഫോട്ടോസ് ഒക്കെ പകർത്തി.പിന്നെ ഗേറ്റിന്റെ മുമ്പിൽ നിന്നും കുറെ ഫോട്ടോസ് എടുത്തു.കടലിലേക്ക് തുറക്കുന്ന ഒരു കാഴ്ച ആണ് അതിലൂടെ നോക്കിയാൽ കിട്ടുന്നത്.ചെറിയ ജ്യൂസ്,ഐസ്ക്രീം ഒക്കെ കഴിച്ചു വിശപ്പടക്കി. സമയം വൈകിട്ടു 4 ഒക്കെ ആയി.ഇനിയുള്ള ലക്ഷ്യം പീറ്ററിന്റെ വകയാണ്.അവന്റെ കസിന് എന്തെങ്കിലും മേടിക്കണം.ആൾക്ക് എവിടുന്നോ കോലാബോ മാർക്കറ്റ് കൊള്ളാം എന്ന അറിവ് കിട്ടിട്ടുണ്ട്.എനിക്കും അമലിനും ദേഷ്യം വന്നു തുടങ്ങി.ആകെ മടുത്തിരിക്കുമ്പോൾ പിന്നേം നടത്തം.ഏതായാലും ഉദ്ദേശിച്ച സാധനം അവിടെ ഒന്നും കാണാനും ഇല്ല.അവസാനം മാർക്കറ്റിന്റെ അരികിലെ ഒരു ഹോട്ടലിൽ കയറി വയർ നറച്ചു.ചപ്പാത്തി,മുട്ടക്കറി.കൊള്ളാം, നല്ല ആഹാരം.രാവിലെ കഴിച്ചേൽ പിന്നെ കാര്യമായിട്ട് ഇപ്പോഴാണ് കഴിക്കുന്നത്.പിന്നെ ബസ് കേറി സി.എസ്.ടി(ഛത്രപതി ശിവാജി ടെർമിനൽ)ക്കു.ബസ് ഇറങ്ങി കഴിഞ്ഞു കുറച്ചു നടക്കാനും ഉണ്ടായിരുന്നു.നടക്കുന്ന വഴിക്കു ഓരോ ലസ്സി കഴിച്ചു.നാട്ടിലെ ലസ്സി ഷോപ്പിലെ പോലെയല്ല നല്ല ഉഗ്രൻ ലസ്സി.നല്ല കട്ട തൈര്,കുറച്ചു മധുരം ഒക്കെ ആയി,കൊഴുപ്പും.മനസും ശരീരവും നിറഞ്ഞു.പിന്നെ സി.എസ്.ടി ക്കു.അതിമനോഹരം ആണ് രാത്രിയിൽ അവിടം.രാത്രി വിളക്കുകളിൽ നഗരം അതിന്റെ മോഡി അണിഞ്ഞിരിക്കുന്നു.നല്ല തിരക്കുണ്ട്.അവിടുന്ന് അന്ധേരിക്കു ലോക്കൽ ട്രെയിൻ.അന്ധേരി സ്റ്റേഷനിൽ ലോക്കൽ-മെട്രോ സ്റ്റേഷൻ ബന്ധിപ്പിക്കുന്ന ഇടനാഴിയിൽ ആളുകൾ നീങ്ങുന്നത് രസം ഉള്ള കാഴ്ചയാണ്.രാവിലെയു൦,വൈകുന്നേരം മുതലും ഓഫീസിൽ പോകുന്ന ജോലിക്കാരുടെ വലിയ തിരക്കാണ്.കൂടുതലും യുവജനങ്ങൾ.വളരെ വേഗതയിൽ കുറെ ആളുകൾ.നോക്കി നടന്നില്ലേൽ പരസ്പ്പരം തട്ടി വീഴും.പിന്നെ അന്ധേരിക്കു ലോക്കൽ ട്രെയിൻ,സാക്കിനാക്കക്കു മെട്രോ.തോമു ബിയർ ഒക്കെ സ്പോൺസർ ചെയ്തു.മലയാളിയുടെ കടയിൽ നിന്നും ബീഫും മേടിച്ചു,രാത്രി കുറെ വർത്തമാനം ഒക്കെ പറഞ്ഞിരുന്നു കോളേജ് കാര്യം ഒക്കെ പറഞ്ഞു നേരം കുറെ പോയി.
രണ്ടാം ദിവസത്തെ യാത്ര എലഫന്റാ കേവ്സ് കാണാൻ ആണ്.രാവിലെ വൈകി ആണ് എഴുന്നേറ്റത്.11 ഒക്കെ ആയി റൂമിൽ നിന്ന് ഇറങ്ങിയപ്പോൾ,ചെറിയ ചാറ്റൽ മഴ.വന്നപ്പോൾ തൊട്ട് മഴ ഉണ്ടെങ്കിലും,കാര്യം ആയി ഞങ്ങളുടെ യാത്രയെ ബാധിച്ചില്ല.മിക്ക പെയ്‌ത്തും രാത്രിയാണ്.മലയാളി കടയിൽ നിന്നും പതിവ് ചായ,ദോശ.എലിഫന്റാ പോകാൻ 'ഗേറ്റ്വേ ഓഫ് ഇന്ത്യ'-യിൽ നിന്നും 1 മണിക്കൂർ അടുത്ത് ബോട്ട് യാത്ര ഉണ്ട്.ഒരു ദീപിലെ അടുത്തടുത്തുള്ള പ്രാചിന ക്ഷേത്രങ്ങൾ ആണ് എലിഫന്റായുടെ സവിശേഷത.200 രൂപയാണ് അവിടെ പോയി വരാൻ ഒരാൾക്കു ടിക്കറ്റ് നിരക്ക്.ഉച്ചതിരിഞ്ഞു 2 ഒക്കെ ആയി അങ്ങോട്ടു കയറിയപ്പോൾ.ഗേറ്റ്വേ ഓഫ് ഇന്ത്യ-യുടെ മുമ്പിലെ കൗണ്ടറിൽ ടിക്കറ്റ് കിട്ടും.ആദ്യമായി കടലിലൂടെ ഉള്ള യാത്രയൂടെ ആകാ൦ക്ഷ ഉണ്ട്.അമൽ നേരത്തെ ഉഡുപ്പി പോയപ്പോൾ കടൽയാത്ര നടത്തിയിട്ടുണ്ട്.അവിടെയും ദ്വീപ് ഉണ്ട്.ഏതായാലും തിരക്ക് കുറഞ്ഞ താഴത്തെ ഡെക്കിൽ ഞങ്ങൾ കയറി.കടൽ യാത്ര അവിസ്മരണീയം തന്നെ.ഇളകി മറയുന്ന കടൽ ഓളങ്ങളിലൂടെ ബോട്ട് നീങ്ങി.ദൂരെ മുംബൈ നഗരം അതിരിട്ടു നിൽക്കുന്ന പടകൂറ്റൻ കെട്ടിടങ്ങൾ ചെറിയ മങ്ങലോടെ കാണാം,പ്രൗഢി ഒട്ടും ചോരാതെ.കൂടാതെ കൂറ്റൻ കപ്പലുകൾ.കുറെ ഫോട്ടോസ് ഒക്കെ എടുത്തു.ബോട്ടിൽ നിന്നും മേടിച്ച തണുത്ത ഫ്രൂട്ടിക്കു പതിവിലും രുചി,നന്നായി ദാഹിച്ചതുകൊണ്ടാവും.5-രൂപ കൂടുതൽ ആണ്.ദ്വീപ് കണ്ടു തുടങ്ങി.കയറുമ്പോൾ തന്നെ ചെറിയ ഒരു മിനി ട്രെയിൻ സൗകര്യവും ഉണ്ട്.ഞങ്ങൾ നടക്കാൻ തന്നെ തീരുമാനിച്ചു.കേറി പോയ വഴിക്കു വഴികച്ചവടക്കാർ.ഞങ്ങളുടെ വക ചെറിയ ഷോപ്പിങ്.അര മണിക്കൂർ എടുത്തു മൂവർക്കും തൊപ്പി സെലക്ട് ചെയ്യാൻ.പിന്നെ എനിക്കും അമലിനും ഓരോ കൂളിംഗ് ഗ്ലാസും.പീറ്റർ കണ്ണട വയ്ക്കുന്ന ആളാണ്.100 രൂപ ആണ് ഏതെടുത്താലും.കുറച്ചു ബാർഗൈൻ ചെയ്ത് കണ്ണാടിക്കു കുറച്ചു കിഴിവ് മേടിച്ചു.തൊപ്പിക്ക് ഒരു രക്ഷയും ഇല്ല.ഇടയ്ക്കു സമയം നോക്കിയപ്പോൾ 4:30.അവസാന ബോട്ട് 6 മണിക്കാണ്.വേഗം തന്നെ ലക്‌ഷ്യം പിടിച്ചു.കുറെ നടകൾ കേറണം.ചെറിയ മടുപ്പ്.എന്നാലും ലക്‌ഷ്യം എത്തിയപ്പോൾ എല്ലാ മടുപ്പും മാറി.4 മന്ദിരങ്ങൾ ഉണ്ട് അവിടെ.ആദ്യം തന്നെ പ്രധാന മന്ദിരം.ഒറ്റ കല്ലിൽ കൊത്തി ഉണ്ടാക്കിയ വലിയ ക്ഷേത്രം.കൃത്യമായ വടിവോടെ ആണ് അതിന്റെ സൃഷ്ടി.നൂറ്റാണ്ടുകൾക്കു മുൻപ് പണിത ഈ വാസ്തു ശില്പങ്ങൾ അത്ഭുതം തന്നെ.ഇന്നത്തെ ടെക്നോളജികൾ പോലും തോറ്റു പോകുന്ന നിർമാണം.3 വശങ്ങളിൽ നിന്നും വെളിച്ചം കടന്നു വരാൻ വിടവുകളുണ്ട്.നാലാം വശത്തു ആണ് വിഗ്രഹം.ഒരു നില കെട്ടിടത്തിന്റെ അത്ര വലിയ കല്ലിൽ കൊത്തിയ ത്രിമൂർത്തി വിഗ്രഹം.കൂടാതെ ശിവന്റെ നടരാജ വിഗ്രഹവും,പിന്നെ വേറെ ഒന്നും.അകത്തു വേറെ ഒരു മന്ദിരത്തിൽ ശിവലിംഗവും.വിഗ്രഹങ്ങൾ ഒക്കെ അടിഭാഗത്തു തകർക്കപ്പെട്ടിട്ടുണ്ട്.വിഗ്രഹങ്ങളിൽ ഇപ്പോഴും വെടിയുണ്ട പാടുകൾ കാണാൻ സാധിക്കും.അവയൊക്കെ പോർച്ചുഗീസ്സുകാർ തകർത്തതാണ് എന്ന് വാച്ച്മാന്മാരിൽ ഒരാൾ പറഞ്ഞു തന്നു.കൂടുതൽ അറിയണമെങ്കിൽ ഗൈഡ് സൗകര്യ൦ ഉണ്ട്.കുറെ നല്ല ഫോട്ടോസ് ഒക്കെ എടുത്തു.വിഡീയോ നിക്ഷേധിച്ചിട്ടുണ്ട്.പിന്നെയും കുറച്ചു ക്ഷേത്രങ്ങൾ അതിൽ ഒന്നും വിഗ്രഹങ്ങൾ കണ്ടില്ല.ഇതിനിടക്ക് ഒരു കുടുംബത്തിനും ഒരു യുവമിധുനങ്ങൾക്കും അങ്ങോട്ട് ചോദിച്ചു ഫോട്ടോ എടുത്തു കൊടുത്തു. കുറച്ചു സന്തോഷം വാങ്ങിച്ചെടുത്തു.കണ്ടു തീർത്തപ്പോഴേക്കും സമയം ആകാറായി.കാവൽക്കാർ ഓടിച്ചു.തിരിച്ചു ബോട്ടിന്റെ മുകളിൽ ആണ് കയ്യറിയതു,10 രൂപ അധികം കൊടുക്കണം ഒരാൾ.മുംബൈയിൽ ഇന്റേൺഷിപ്പിനു വന്ന ഒരു എം.ബി.എ-ക്കാരൻ മലയാളിയെ കണ്ടു,കാക്കനാട് വീട്.ഡൽഹിയിൽ ആണ് പഠനവും ജോലിയും ഒക്കെ.ബോട്ടിന്റെ മുകളിൽ വേലി ചാരി കുറച്ചു നേരം കാറ്റൊക്കെ കൊണ്ട് നിന്നു.ഇനി ജൂഹു ബീച്ച് പോവാം എന്നു വച്ചു.കറങ്ങി തിരിഞ്ഞു ജൂഹു എത്തിയപ്പോൾ രാത്രി 9 മണി ഒക്കെ ആയി.കുടുംബങ്ങളും,യുവജനങ്ങളും ഒക്കെ നിറഞ്ഞു നില്ക്കുന്നുണ്ട് അവിടെ.ഒരു വശത്തു കുറച്ചു ഹോട്ടൽ കടകൾ ഉണ്ട്.എല്ലാം തനതു നാടൻ വിഭവങ്ങൾ വിൽക്കുന്നവയാണ്.കടയുടെ താഴെ ക്യാൻവാസ് ചെയ്യാൻ പയ്യന്മാർ ഉണ്ട്.ഞങ്ങളും ഒരു കടയിൽ കയറി,നല്ല വിശപ്പുണ്ട്.മെനു കാർഡ് കിട്ടി,അറിയാൻ പാടില്ലാത്ത കുറെ ഐറ്റംസ്.കടയുടെ മുന്നിലെ പടം നോക്കി 'തവ പൽവ' പറഞ്ഞു.പുതിനയിലയും മസാലകളും ഒക്കെ കൂടി നല്ല രുചി,വലിയ വിലയുമില്ല.കടയുടെ മുന്നിലെ നടയിൽ ആണ് ഇരുന്നത്.അവിടുത്തെ ആളുകൾ അതിലുള്ള പൊടിമണ്ണൊക്കെ തൂത്തുവാരി ഞങ്ങൾക്ക് ഇരിക്കാൻ സൗകര്യം ചെയ്തു.കടൽകാഴ്ചകൾക്കഭിമുഖമാണ് ഇരുപ്പ്.കുട്ടികളെ കളിപ്പിച്ചു ഉല്ലസിക്കുന്ന ഒരു സുന്ദരി പെണ്ണ് വേറിട്ട കാഴ്ച്ചയായി.ചിലർ കളിവീടുകൾ നിർമ്മിക്കുന്നു.ഇരിക്കുന്നതിന്റെ തൊട്ടു താഴെ കടക്കാർ വിരിച്ചിട്ട പായയിൽ കിടക്കുകയും,ഇരിക്കുകയും ചെയ്യുന്ന ചിലർ.പിന്നെ കഴിച്ചത് കുൽഫി ആണ്,150 രൂപ കമ്പനിക്ക് നഷ്ട്ടം.എന്നാലും വളരെ ആസ്വദിച്ചു അത് കഴിക്കുന്ന കുറച്ചു ചെറുപ്പക്കാരെ ഞങ്ങൾ തൊട്ടു താഴെ കണ്ടു.സമയം വൈകി.കുറെ നേരം നോക്കിട്ടും ബസ് ഒന്നും ഇല്ല.'എം ഇൻഡിക്കേറ്റർ ' നോക്കിട്ട് കണ്ട ബസ്സും വന്നില്ല. 'എം ഇൻഡിക്കേറ്റർ ' വളരെ ഉപകാരമുള്ള ആപ്പാണു. മുബൈ ഉള്ള എല്ലാവർക്കും.ബസ്,ട്രെയിൻ,മെട്രോ-എല്ലാ സമയക്രമവും കൃത്യമായി അറിയാം.കഴിഞ്ഞ ദിവസം ഒരു മുംബൈക്കാരൻ തന്നെ ഇൻസ്റ്റാൾ ചെയ്തു തന്നതാണ്.ഞങ്ങൾക്ക് തെറ്റിയതാണ്,ഞങ്ങൾ വേറെ സ്റ്റോപ്പിൽ ആയിരുന്നു.ഒടുവിൽ സമയം പോയതുകൊണ്ട് ഓട്ടോ വിളിച്ചു സി.എസ്.ടി -ക്കു.ലോക്കൽ ട്രെയിനും മെട്രോയും പിടിച്ചു റൂം എത്തി.
അവസാന ദിവസം,രാവിലെ 10 മണി ഒക്കെ ആയി,റൂമിന്റെ ചാവി കൊടുത്തു.ബാഗ് ഒക്കെ തോമുന്റെ ഡോർമെറ്ട്രയിൽ വച്ച്,വൈകിട്ട് പോകാൻ നേരം എടുക്കാം.ഇന്ന് പോകാൻ മ്യൂസിയം ഉണ്ട്.'സി.എസ്.ടി'-ക്കു പിടിച്ചു.രാവിലെ ഒന്നും കഴിച്ചിട്ടില്ല.തല്ക്കാലം മലയാളി ഹോട്ടൽ വിട്ടു.'സി.എസ്.ടി' എത്തി ഇറങ്ങി നടന്നു.മറൈൻ ഡ്രൈവ് ലക്‌ഷ്യം വച്ച്.പോകുന്ന വഴി ഒരു കോളേജ് കാണാൻ ഇടയായി.മോഡേൺ ഡ്രസ്സ് ഒക്കെ ഇട്ടു കുറെ പേർ.ചെറിയൊരു ഇടനാഴി വാതിൽ.നല്ല ഒരു കെട്ടിടം.ഇതും ബ്രിട്ടീഷ് നിർമ്മതിയാണെന്നു തോന്നണു.നല്ല വൃത്തിയുണ്ട് ഇവിടെ ഒക്കെ.നഗരം അത്യാവശ്യം വൃത്തിയും വെടിപ്പും ആയിട്ടാണ് നിലക്കൊള്ളുന്നത്.പിന്നെയും കുറെ നടന്നു.തൊപ്പി ഉള്ളത് രക്ഷ ആയി,നല്ല വെയിൽ ഉണ്ട്.അവസാനം ഹോട്ടൽ എത്തിയപ്പോൾ സമയം 12 ഒക്കെ ആയി.'താലി പൂരി' നല്ല വിഭവം.കുറെ കറികൾ ഉണ്ട്,കൂടാതെ കേസരിയും.കേസരി ഒരു തരം മധുരമുള്ള ഒന്നാണ്.തൈര്,പയർ,സാംമ്പാർ,രസം ഒക്കെ ഉണ്ട്.ആദ്യം പൂരിയും,പിന്നെ ചെറിയ പ്ലേറ്റ് ചോറും.അവിടുന്ന് പിന്നെ വീണ്ടും ട്രെയിൻ കയറി 'സൈയന്' സ്റ്റേഷൻ.'ഗൂഗിൾ' പറഞ്ഞ മ്യൂസിയം നോക്കിയാണ് പോക്ക്.അവസാനം 'സൈയന്' എത്തി കുറച്ചു നടന്നു ലക്‌ഷ്യം എത്തി.മ്യുസിയം ഇല്ല.ഗൂഗിൾ നോക്കി വന്ന അമലിനെ കുറെ തെറി പറഞ്ഞു.എന്തായാലും 'ഗേറ്റ്വേ' പോയ വഴി ഒരു ആര്ട്ട് മ്യൂസിയം കണ്ടായിരുന്നു.മൊബൈൽ എടുത്തു വച്ച് നേരെ സി.എസ്.ടി ക്കു പിന്നേം ട്രെയിൻ.അവിടുന്ന് 'ഗേറ്റ്വേ'-ബസ് കയറി മ്യൂസിയം ഇറങ്ങി.3 പേർക്കും കൂടി 255 രൂപ,ചിൽഡ്രൺസ് മ്യൂസിയംത്തിന് വേറെ തുക കൊടുക്കണം.മ്യൂസിയം സ്ഥിതി ചെയ്യുന്ന കെട്ടിടത്തിന് മുമ്പിൽ മനോഹരമായ ഒരു ബുദ്ധ ശില്പം കാണാം.കുറെ വിഗ്രഹങ്ങൾ കാണാനിടയായി മ്യൂസിയത്തിൽ,ബുദ്ധ വിഗ്രഹങ്ങൾ,നൃത്ത വിഗ്രഹങ്ങൾ ഒക്കെ പ്രദർശിപ്പിച്ചിട്ടുണ്ട്.പിന്നെ കുറെ പുരാതന അവശേഷിപ്പുകൾ,മൺകലങ്ങൾ,ആഭരണങ്ങൾ ഒക്കെ.'രത്തൻ ടാറ്റ' വിവിധ ഭാഗങ്ങളിൽ നിന്നും ശേഖരിച്ച കുറെ ആയുധങ്ങൾ കണ്ടു.വിവിധ തരം വാളുകൾ,പടച്ചട്ട.നല്ല മൂർച്ച ഉള്ള വാളുകൾ.നിരവധി പേരെ കൊന്നു വീഴ്ത്തിയവ ആവാം.ഹിമാലയൻ വിഭാഗത്തിന്റെ ഒരു സ്റ്റോർ
അവിടുത്തെ ചില സവിശേഷതകൾ ഒക്കെ കാണിച്ചു തരും.ഒട്ടനവധി പെയ്ന്റിങ്ങുകൾ.പിന്നെ ഒരാകര്ഷണം അവിടെ വേറെ ഒരു സെക്ഷനിൽ കുറെ മൃഗങ്ങളേം പക്ഷികളേം പാമ്പുകളേം ഒക്കെ സ്റ്റഫ് ചെയ്തു വച്ചിട്ടുണ്ട്.സമയം എടുത്തു കാണേണ്ട കാഴ്ചകൾ ആണ് എല്ലാം.ഏതാണ്ട് കണ്ടു തീർത്തപ്പോൾ ക്ലോസിങ് ടൈം ആവാറായി,5 മണി.
അവിടുന്ന് ഇറങ്ങി ഇനി കുറെ സമയം ഉണ്ട് രാത്രി 11:45 ആണ് ലോക്കൽ ട്രെയിൻ.പിന്നെ വെറുതെ നടപ്പായിരുന്നു ഓരോന്നൊക്കെ പറഞ്ഞു നടന്നു.വേറൊരു നാട്ടിലൂടെ കൂട്ടുകാർക്കൊപ്പം നടക്കുമ്പോൾ ചെറിയ ഒരു 'ഫ്രീ മൈൻഡ്' വികാരം ആണ്.അവസാനം വിശന്നപ്പോൾ ഒരു കടയിൽ കയറി,കുശാൽ ശാപ്പിട്ടു.പേഴ്‌സ് നോക്കിയപ്പോൾ കുറച്ചു കാശു കുറവ്.പീറ്റർ എ.ടി.എം നോക്കി പോയി.നല്ല പോസ്റ്റ് ആയി.ആൾക്ക് വഴി തെറ്റി.ലൊക്കേഷൻ ഒക്കെ അയച്ചു കൊടുത്തു ഒരുവിധം എത്തി.സി.എസ്.ടി എത്തി 10:45 നു ലോക്കൽ ട്രെയിനും മെട്രോയും കേറി തോമുന്റെ അടുത്ത് എത്തി 1 മിനിട്ടു കൊണ്ട് യാത്ര പറഞ്ഞു.അവസാന മെട്രോ കേറി,ഓടി ആണ് കയറിയത്.’ഗറ്റഗോപർ' ആണ് എത്തേണ്ടത്.അവിടുന്ന് ലോക്കൽ ട്രെയിൻ പിടിച്ചു 'ലോകമാന്യ തിലക് സ്റ്റേഷൻ'.ട്രെയിൻ വന്നു കിടപ്പുണ്ട്.ടിക്കറ്റ് ഒന്നും എടുക്കാൻ നിന്നില്ല.അവസാന ജനറൽ കംപാർട്മെന്റിലേക്കു.നല്ല തിരക്ക് സൂചി കുത്താൻ ഇടയില്ല.ഇനി ട്രെയിൻ രാവിലെയേ ഉള്ളു.പോലീസ്‌ക്കാരൻ മുന്നിലെ ജനറലിലേക്കു പോകാൻ പറഞ്ഞു.അവിടെ രക്ഷ ഇല്ലേൽ വല്ല സ്ലീപ്പറിലും കയറാനും.മുന്നിലേക്ക് ഓടി.അവിടെ ആണേ പോലീസ് ആളുകളെ തള്ളി ആണ് കയറ്റുന്നത്.വേറെ രക്ഷയില്ല.ടിക്കറ്റ് ഇല്ലാത്തോണ്ട് സ്ലീപ്പറിലും കയറാൻ പറ്റില്ല.ഞങ്ങളും ഞെരുങ്ങി കയറി.ഉള്ള സ്ഥലത്തു തിങ്ങി കൂടി .നല്ല തിരക്ക്.ട്രെയിൻ പുറപ്പെട്ടു.ടോയ്‌ലെറ്റിൽ വരെ ആള് കയറിനിൽക്കുന്നു.കുറെ സമയം കടന്നുപോയി.അതിനിടക്ക് കുറച്ചു യൂത്തൻ കന്നടക്കാർ ഒരു കുപ്പി പൊട്ടിച്ചു അടി തുടങ്ങി.അടുത്തിരുന്ന വൃദ്ധനും കൊടുത്തു.അവന്മാർ ട്രെയിനിന്റെ വാതിലിൽ സുഖിച്ചിരിക്കുന്നു.ഞങ്ങളോട് സംസാരിച്ചപ്പോൾ ഹിന്ദി അറിയില്ല എന്ന് നടിച്ചു.ഇല്ലെങ്കിൽ വെറുതെ വാചകമടിക്കാൻ കൂടേണ്ടി വരും.ചെറിയ ഒരു വിടവ് കിട്ടിയപ്പോൾ ഞാൻ ഒന്ന് ഇരുന്നു.ടോയ്‌ലെറ്റിനോട് ചേർന്ന്.കുറച്ചു കഴിഞ്ഞു എഴുന്നേറ്റു,എന്തോ അവിടെ ഇരിക്കാൻ ഒരു അസ്വസ്ഥതാ.അതിനിടക്ക് വൃദ്ധന്റെ പാട്ടും.5 മണി ഒക്കെ ആയി,'ചിപ്ലൂൻ' സ്റ്റേഷൻ ഒക്കെ ആയപ്പോൾ തിരക്കൊഴിഞ്ഞു.നിലത്തു നടുവരിയിൽ സുഗമായി ഇരിക്കാൻ സ്ഥലം ആയി.മുംബൈയിൽ നിന്നും വന്ന ഒരു ബിടെക് വിദ്യാർത്ഥിയായ പയ്യനും ആയി കുറച്ചു സംസാരിച്ചു.'ബിടെക് ഈസ് മുഷ്‌ക്കിൽ' എന്ന വാദത്തിൽ ഒരുമിച്ചു നിന്നു.അടുത്ത സ്റ്റേഷനിൽ ഇറങ്ങാൻ 6 പേരോളം ഉണ്ട് എന്ന് ഒരാൾ പറഞ്ഞു. ഒരു കന്നഡക്കാരൻ സീറ്റ് ആവുമ്പോൾ അവനേം വിളിക്കണം എന്നു പറഞ്ഞു.ഞങ്ങളെ പോലെ തന്നെ മുംബൈ തൊട്ട് നിക്കണ കുട്ടത്തിൽ ഉള്ളതാണ്.മുംബൈയിൽ പെയിന്റടി തൊഴിൽ ചെയ്യുന്നു,ഞങ്ങളുടെ പ്രായം തോന്നുകയുള്ളു.മഡ്‌ഗോവ സ്റ്റോപ്പിൽ തന്നെയാണ് കക്ഷിയും ഇറങ്ങുന്നത്.തീർച്ചയായും സഹോദരാ,നിന്റെ വിഷമം ഞങ്ങൾക്കു മനസിലാകും.അടുത്ത സ്റ്റേഷനിൽ കുറച്ചു ബ്രേക്ക് ഉണ്ട്.'എം ഇന്ഡിക്കേറ്ററിൽ' 10 മിനിറ്റ് കാട്ടുന്നുണ്ട്.അതിന്റിടക്കു ഒരു രസം ഉണ്ടായി.അപ്പുറത്തെ ബോഗിയിൽ ട്രെയിനിലെ ഏതോ ഒരു പലഹാരവില്പനക്കാരനെ കണ്ടു ടി.ടി ആണെന്ന് കരുതി ഞങ്ങൾ മുന്ന് പേരും പരുങ്ങാൻ തുടങ്ങി.ഐ.ഡി കാർഡൊക്കെ ഇട്ടാണ് കക്ഷി നിന്നതു.കൈയിൽ പാത്രം ഒന്നും ഉണ്ടായില്ല.ഏതായാലും മലപോലെ വന്നത് എലിപോലെ പോയി.ടിക്കറ്റ് ഇല്ലാതെ യാത്ര പോയാൽ നല്ല ഫൈൻ ആണല്ലോ.തിരക്കിൻറെ കാര്യം ഒക്കെ പറഞ്ഞാ അവരു വകവക്കത്തിലാ. അതുകൊണ്ട് അമലിനെ ടിക്കറ്റ് എടുക്കാൻ പറഞ്ഞു വിട്ടു.പീറ്റർ വെള്ളം എടുക്കാനും.സ്റ്റേഷനിൽ മെഷീൻ ഉണ്ടേൽ 5 രൂപക്ക് 1 ലിറ്റർ വെള്ളം കിട്ടും.5 മിനിറ്റു ബ്രേക്ക് ഉണ്ടായുള്ളൂ.അമൽ ഏതോ ‘എ.സി’ സ്‌ളീപ്പറിൽ ഓടി കയറി.വൃദ്ധന്റെ പറ്റൊക്കെ പോയി.ഞങ്ങളെ ചിരിച്ചു കാട്ടുന്നുണ്ട്.'മഡ്‌ഗോവ' എത്തിയപ്പോൾ 10 ഒക്കെ ആയി.എത്തുന്നതിനു മുൻപ് ഒരു മലയാളി പയ്യൻ ബോഗിയിൽ കയറി ഫോൺ ചാർജർ ചോദിച്ചു.ആൾടെ ബാഗ് മോഷണം പോയി.കൂടെ ഉണ്ടായിരുന്ന കൂട്ടുകാരനേം കാണുന്നില്ല.മുൻപത്തെ ഏതോ സ്റ്റേഷനിൽ ഇറങ്ങി.തിരക്ക് കാരണം ലഗേജ് കംപാർട്മെന്റിൽ ആണ് കയറി വന്നത്.മുംബൈയിൽ നിന്ന് തന്നെ.100 രൂപ കൊടുത്തു.10:45-നാണ് ഇനി മംഗ്ളൂര് ട്രെയിൻ.സ്റ്റേഷനിൽ ഇറങ്ങി.കുറച്ചു കഴിഞ്ഞപ്പോൾ മലയാളി പയ്യൻ ഒരു സീറ്റിൽ ഇരുന്നു കരയുന്നു.കൂട്ടുകാരന് വല്ലതും പറ്റിയോ എന്നോർത്തു.അതല്ല 'അമ്മ ഹോസ്പിറ്റലിൽ ആണ്,കൂട്ടുകാരനെ കണ്ടും ഇല്ല.നിസ്സാഹയ അവസ്ഥയിൽ മനുഷ്യൻ കരയുന്നു.ഏതായാലും കൂട്ടുകാരൻ കുറച്ചു കഴിഞ്ഞു വന്നു.ട്രെയിൻ എടുക്കാറായി.കയറുന്ന വഴി പീറ്ററിന്റെ ബാഗ് ചെക്ക് ചെയ്തു.ഒരു പോലീസ്‌ക്കാരൻ ഞങ്ങടെ ബോഗിയിൽ രണ്ടു കൂട്ടരുടെ ബാഗിൽ നിന്നും മദ്യം പിടിച്ചുകൊണ്ടുപോയി.ഗോവയിൽ മദ്യത്തിന് വിലക്കുറവാണല്ലോ.
മംഗ്ളൂരിൽ നിന്നും ട്രെയിൻ രാത്രി 10:45 നാണു.മംഗ്ളൂര് വരെ വളരെ സുഗമായി കിടന്നും ഇരുന്നും ആണ് പോയത്.ചിലയിടത്തു മഴയും.ട്രെയിനിലെ ഭക്ഷണം ഒക്കെ മേടിച്ചു കഴിച്ചു.ഞങ്ങളുടെ അഭിമുഖം ഇരുന്നത് ഒരു കുടുംബം ആയിരുന്നു.രണ്ടു ആൺകുട്ടികൾ പട കൂടി മാതാപിതാക്കളെ ശല്യം ചെയ്യുന്നു,രസം പിടിച്ച കാഴ്ച.മഡ്‌ഗോവ-യിൽ നിന്ന് ബർഗറും സാൻഡ്‌വിച്ചും മേടിച്ചു വയർ നിറച്ചായിരുന്നു.മംഗ്ളൂര് എത്തിയപ്പോൾ വൈകി,പോകേണ്ട ട്രെയിൻ പോയി.മഴയൊക്കെ കൊണ്ട് എല്ലാ ട്രെയിനും വൈകുന്നുണ്ട്.ഇനി രാവിലെ 5 മണിക്കാണ് ട്രെയിൻ.റസ്റ്റ്-റൂം കയറി ഒന്ന് ഫ്രഷ് ആയി.ഫോൺ ഒക്കെ കുത്തി ഇട്ടു.നേരത്തെ കണ്ട മലയാളി പയ്യനും കൂട്ടുകാരനും വന്നുണ്ട്.ആകെ തളർന്നു.വിശന്നിട്ടു കട്ടെടുത്ത ഒരു ആപ്പിൾ ഉണ്ട് കൈയിൽ.പീറ്ററിനെ കൂട്ടി എ.ടി.എം.വരെ പോയി.തിരിച്ചു വന്നപ്പോൾ അമൽ ബാഗ് ഒക്കെ ആയി പുറത്തു ബെഞ്ചിൽ.സ്ലീപ്പർ ടിക്കറ്റ് ഇല്ലാത്തോണ്ട് അവിടെ ഇരിക്കാൻ പറ്റില്ല.പോലീസ്‌ക്കാരൻ ടിക്കറ്റ് ഇല്ലാത്ത ഒരാൾക്ക് നല്ല ലാത്തി അടി കൊടുത്തു എന്നും പറഞ്ഞും.അന്ന് അവിടെ ആരുടെയോ കൈയിൽ നിന്നും 5000 രുപ ഒരു കൂട്ടം പിടിച്ചുപറിച്ചു.രാത്രി സൂക്ഷിക്കേണ്ട സ്ഥലം ആണ്.ചായ കുടിക്കാൻ കയറിയ കടയിലെ മലയാളി പയ്യനും പറഞ്ഞും ബാഗും,ഫോൺ ഒക്കെ സൂക്ഷിക്കണം എന്നും,കണ്ണുതെറ്റിയാൽ പോകും എന്നും.മലയാളി പയ്യന്മാർക്ക് ആഹാരം മേടിച്ചു കൊടുത്തു.ടിക്കറ്റിനു കുറച്ചു കാശു൦,കണ്ണൂർകാരാണ് .കരഞ്ഞുകൊണ്ട് തന്നെ നന്ദി പറഞ്ഞു അവർ.ഏതായാലും ഞാനും അമലും ഒരു തൂണിന്റെ ചുവട്ടിലെ തട്ടിൽ കിടന്നു.പീറ്ററിന് ഉറക്കം കുഴപ്പം ഇല്ല.അപ്പോളോ കമ്പനിയിൽ നൈറ്റ് ഷിഫ്റ്റ് ചെയ്യണൊണ്ട്.വെട്ടവും,തണുപ്പും ആയതിനാൽ കുറച്ചു നേരം മാത്രമേ ഉറങ്ങാൻ പറ്റിയുള്ളൂ.കുറച്ചു നേരം സൊറ പറഞ്ഞിരുന്നു.ഇതിന്റെ ഇടയ്ക്കു കുറച്ചു മലയാളി കോളജ് കുട്ടികളെ കണ്ടു.കുടജാദ്രി കണ്ടു വരുവാണ്.12 കി.മി നടത്തം.അവസാനം നേരം ഇരുട്ടി അവിടെ മുകളിൽ ഏതോ ആശ്രമത്തിൽ ആണ് കിടന്നതു.റൂം എടുക്കാതെ ബാഗും ചുമന്നു കയറിയത് അമളി ആയെന്നു അവർ പറഞ്ഞു.ഇതൊക്കെ കേട്ടപ്പോൾ പീറ്റർ അടുത്ത ട്രിപ്പ് കുടജാദ്രി പിടിക്കാം എന്ന ആശയം ഇട്ടു,കുറച്ചു പ്ലാൻ ഒക്കെ ഇട്ടു പോകണം എന്നും.പിള്ളേർക്ക് പറ്റിയ അമളി പറ്റരുതല്ലോ.ട്രെയിൻ സ്റ്റേഷനിൽ വന്നപ്പോൾ ആരും കാണാണ്ട് അതിൽ കേറി കിടക്കാൻ തയാറായി.എനിക്ക് ചെറിയ പേടി ഒക്കെ ഉണ്ട്,തലേന്നത്തെ പോലീസുകാരന്റെ കാര്യം ഒക്കെ ഓർത്തപ്പോൾ.പിന്നെ പീറ്ററിനാണെ പോട്ടെ പുല്ലു എന്ന മൈൻഡ് ആണ്. ഒന്നും നോക്കില്ല,എന്തായാലും അതിൽ കേറി കിടന്നു.കുറച്ചു കഴിഞ്ഞപ്പോൾ ട്രെയിനിലെ ചെക്കർ വരുന്നുണ്ട്.ഇരുണ്ട ബോഗി മുറികളിലൂടെ ആളുടെ കാൽപ്പെരുമാറ്റം അടുത്തടുത്തു വരുന്നു. നോക്കുമ്പോൾ അവന്മാര് രണ്ടും ഉറക്കം ആണ്.അവന്മാരെ വിളിച്ചു എഴുന്നേൽപ്പിച്ചു.വലിയ കുഴപ്പം ഒന്നും ഉണ്ടായില്ല കുറച്ചു നേരം പുറത്തു നിൽക്കാനും,ലൈറ്റ് ഇടുമ്പോൾ കയറിക്കോളാനും പറഞ്ഞു.മലയാളിയാണ്,ഏതായാലും മലയാളം കേട്ടപ്പോൾ തന്നെ ആശ്വാസം ആയി.അങ്ങനെ ലൈറ്റ് ഇട്ടപ്പോൾ വീണ്ടും പഴയ സ്ഥാനത്തു കയറി 3 പേരും 3 സീറ്റിൽ സുഖമായി കിടന്നു.തൊപ്പി വച്ച് മുഖ൦ ഒക്കെ മുടി,ട്രെയിൻ ലൈറ്റുകൾ ഉറക്കം കളയരുതല്ലോ.പിന്നെ ഉണർന്നപ്പോൾ നാട് എത്തിയിട്ടുണ്ട്.
-ജയിസ്
Comments
Post a Comment