ഉൽക്ക

ഷോട്ട് ഫിലിമിന്റെ മൂന്നാം ദിവസം വന്നുക്കൂടിയ അമലും, ജെറിയും. ജെറി ഷൂട്ടിംഗ് കാണുവാൻ എന്ന പേരിലും, അമൽ ഭാര്യ ബിബിത അഭിനയിക്കുന്നുണ്ട് എന്ന പേരിലുമാണ് വരവ്. ചുരുക്കം പറഞ്ഞാൽ കുമ്മന്നമടി. ഇരുവരും ആർട്ട് ടീമിനൊപ്പം ഡയറക്ടറുടെ ബന്ധുവിന്റെ വീട്ടിൽ അഭയം പ്രാപിച്ചു. ആർട്ട് ടീം അശോക്, പ്രേമേട്ടൻ, സാനു എന്നിവരെ കൂടാതെ ക്യാമറമാൻ ഹീൻസ്സ്, അവന്റെ അസിസ്റ്റന്റ് അപ്പു എന്നിവരാണ് അവിടെ പാർക്കുന്നത്. അപ്പു ഒഴികെ എല്ലാവരും പരസ്പ്പരം അറിയുന്ന കൂട്ടുകാർ തന്നെ. പ്രേമനെ ജെറി ആദ്യമായിട്ടാണ് കാണുന്നത്. 

ഈ  സംഘ൦ പുഴയോരത്തെ ആ കാട് പിടിച്ച പറമ്പിൽ ഭ്രമയുഗത്തിലെപ്പോലെ ആ മോഡേൺ മനയിൽ അഭയം പ്രാപിച്ചു. മോഡേൺ മനയുടെ അകത്ത് നല്ല ചൂട് ആയതിനാൽ (കിടന്ന നേരത്ത് സാനു ഒഴികെ എല്ലാവരും മിനിമം മൂന്നുവട്ടം എഴുന്നേറ്റ് ആ രാത്രി ചൂടിനോട് കിന്നാരം പറഞ്ഞു).

പ്രേമൻ ആ മനയുടെ മോഡേൺ തിണ്ണയിൽ പായ വിരിച്ചു. വട്ടപ്പായസമ്മേളനം ആരംഭിച്ചു. ക്യാമറ മേനോനും, അസിസറ്റന്റും അങ്ങ് ഡയറക്ട് ഡിപ്പാർട്ട്മെൻ്റ് സങ്കേതത്തിലെ വട്ടമേശ സമ്മേളനത്തിന് ശേഷം വൈകിയാണ് വന്നത്. അതിനാൽ മേനോൻ അലക്ക് തുടങ്ങിയിട്ടേയുള്ളൂ. അസിസ്റ്റന്റ് കുളിച്ച് കുട്ടപ്പൻ ആയി ആഹാരവും കഴിച്ചു കിടന്നു. 

ഇതേ സമയം സാനു അന്നത്തെ തിരക്കിനിടയിൽ ഒപ്പിച്ച മൂന്നു കുപ്പി അന്തിക്കള്ള് പായയുടെ നടുക് വച്ചത് അമൽ, ജെറി, പ്രേമൻ എന്നിവർ പൊട്ടിച്ച് അടി തുടങ്ങിയിരുന്നു. സാനു പുക വിടുന്നു. അശോകും പുക വിടുന്നു. ഈ സമയത്തിന് ഇടയിൽ പൊറോട്ട, ചിക്കൻ ബിരിയാണി, പോത്ത് ഈ വക എല്ലാരുവരുടേയും വയറ്റിലേക്ക് കയറുന്നുണ്ട്. സാനു ഒരു സിഗരറ്റ് വലിച്ചു തീർത്ത നേരത്ത് ഒരു പണിയും എടുക്കാതെ അന്നേ ദിവസം അവിടെ എത്തിച്ചേർന്ന അമലും ജെറിയും ഒരു കുപ്പി കള്ള് പങ്കിട്ടു തീർത്തു ചുണ്ട് തുടച്ചിരുന്നു. അശോക് പുക ഒഴിച്ചുള്ള ലഹരികൾക്ക് സ്റ്റോപ്പ് ഇട്ടു, മദ്യവർജനം. 

കള്ളുക്കുടിക്കിടയിൽ അന്നേ ദിവസത്തെ ഷൂട്ടിംഗ് വിശകലനം, നാളത്തെ കാര്യങ്ങൾ എന്നിവ പറയുന്നതിനിടയ്ക്ക്  ആകാശത്ത് കൂടെ ഒരു കുഞ്ഞ് വെട്ടം പറന്നു പോകുന്നത് കണ്ട ജെറി എല്ലാരുടെയും ശ്രദ്ധ അവിടേക്ക് ക്ഷണിച്ചു. ഉടനെ തന്നെ തിണ്ണയിൽ ഇരുന്നു ചിക്കൻ കാലിനോട് മൽപ്പിടുത്തം നടത്തിയ അമൽ എഴുന്നേറ്റ് പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് ആകാശത്തേക്ക്  കാണിച്ച് ആ വെട്ടത്തെ പിടിച്ചു. ഏതോ ആപ്പ് ഉപയോഗിച്ച് സ്കാൻ ചെയ്ത് അതൊരു പാവം ഉപഗ്രഹമാണെന്ന് പറഞ്ഞു. പിന്നെ അവിടെ തുടങ്ങിയ ടോപ്പിക് ചെന്നു ഫുൾ സ്റ്റോപ്പ് ഇട്ടത് മറ്റൊരിടത്താണ്.  ഒരു ആനകാര്യത്തിൽ.

വേനലിൽ പുഴയിൽ അവശേഷിച്ച വെള്ളത്തിന്റെ തണുപ്പിനെ കാറ്റു കയ്യിൽ എടുത്തു മനയുടെ തിണ്ണയിൽ ഇരുന്ന എല്ലാവരെയും പുണർന്ന നേരത്ത് അമൽ ആ ആനക്കാര്യം പറഞ്ഞു. 

അമലിന്റെ അപ്പൻ തൊമ്മനും, അപ്പന്റെ അനിയനും രാത്രിയിൽ അവരുടെ അപ്പനും അമ്മയും കിടന്നുറങ്ങിയ നേരത്ത് അവരെയും പറ്റിച്ചു പതിവ് പോലെ പുഴക്കരയിൽ പാറപ്പുറത്തിരുന്നു ചൂണ്ടയിട്ടിരിക്കുകയായിരുന്നു. ആ നേരത്ത് ഒരു തീഗോളം വന്നു പുഴയിൽ വീണു. അവരുടെ വീട്ടിലെ പോത്തിന്റെ അത്രയുള്ള ഒന്ന്. അത് വന്നു വീണപ്പോൾ പുഴയുടെ അരികിലെ തെങ്ങോളം വെള്ളം പൊങ്ങി.

അന്തംവിട്ടു കുന്തം വിഴുങ്ങി നിന്ന അനിയനെയും കൂട്ടി തൊമ്മൻ വീടണഞ്ഞു. "അതെന്താ ചേട്ടായി" എന്നും പറഞ്ഞു സംശയം ചോദിച്ചു തുടങ്ങിയ അനിയൻ്റെ വായ തൊമ്മൻ ഒരു വിധത്തിൽ "ഈ കാര്യം പുറത്തു പറഞ്ഞാൽ പെട്ടികടയിൽ നിന്നും മേടിക്കുന്ന പുളി മുട്ടായി കിട്ടാൻ കുറച്ചു പുളിക്കും" എന്നു പറഞ്ഞു ഒതുക്കി. രാത്രി പുറത്ത് ഇറങ്ങി എന്നറിഞ്ഞാൽ അനിയനുള്ളത് കൂടി മേടികണം. അപ്പനും അമ്മയും അറിയാതെ കള്ളത്തരം കാണിച്ചു എന്ന കുറ്റബോധത്താൽ തൊമ്മൻ ആ തീഗോളത്തെ നെഞ്ചിൽ ഒരു കനാലായി മാത്രം ശേഷിപ്പിച്ചു. 

നീണ്ട വർഷങ്ങൾക്ക് ശേഷം അമലിന്റെ ടെലിസ്കോപ്പിലൂടെ ആകാശം കണ്ട രാത്രി തൊമ്മൻ ഈ കാര്യം അമലിനോട് വെളിപ്പെടുത്തി. അന്നേ ദിവസം അപ്പനെയും അമ്മയെയും ഓർത്ത തൊമ്മൻ വിതുമ്പുകയും ചെയ്തു.  

"ഉൽക്ക പൊക്കണം".  

കുപ്പിയിൽ ഉണ്ടായിരുന്ന അവസാന സിപ്പ് കള്ളും കുടിച്ചിറക്കി അമൽ പറഞ്ഞു. 

"ഡാർക് വെബിൽ ഗ്രാം വച്ചു തൂക്കി വിറ്റു ഫോർബ്സ് മാസികയിൽ കോടീശ്വരൻ എന്ന പേരിൽ ഫോട്ടോ ഉൾപ്പടെ വരണം". 

അതിനു ഓഹരി പറ്റുവാൻ ആ രാത്രി അമൽ ആർട്ട് ടീമിനെ ക്ഷണിച്ചു. പറ്റും പുറത്ത് നമ്പർ ഇട്ടതാണോ, അതോ പുഴയിൽ കിടക്കുന്നത് കോടികൾ ആണോ എന്ന സംശയം ജെറിക്ക് തോന്നി. എന്തായാലും ഇത് നിജ്ജം എന്ന് മനസിൽ മൊഴിഞ്ഞുക്കൊണ്ട് എല്ലാരും കൈ കൊടുത്തു, 

രണ്ടാം ഘട്ടം

ആ വേനൽ കഴിഞ്ഞു അടുത്ത വേനൽ കാലം. അമൽ മരിച്ചുപ്പോയ  അപ്പാപ്പാനും അമ്മാമ്മയ്ക്കും ഫോട്ടോയിൽ നോക്കി സ്തുതി കൊടുത്ത് അപ്പന്റെ അനുഗ്രഹവും മേടിച്ചു. പള്ളിപ്പെരുന്നാൾ ദിവസം എല്ലാവരും പെരുന്നാളിന് പോയ നേരത്ത്, രാത്രി തറവാട് വീടിന് പിന്നിലെ പറമ്പിലൂടെ കുഞ്ഞപ്പനെ രണ്ടു കുപ്പി ചാരായം സ്പോൺസർ ചെയ്തു പുഴയിൽ എത്തിച്ചു. അമൽ. ജെറി, സാനു, അശോക് പിന്നെ കുഞ്ഞപ്പൻ എന്നീ പോരാളികൾ പുഴയിലേക്ക് ഇറങ്ങി. അമൽ അപ്പൻ പറഞ്ഞതനുസരിച്ച് കുഞ്ഞപ്പന് തിരയേണ്ട ഭാഗം ചൂണ്ടി കാണിച്ചു.

"ഒരു കല്ല്, ഒറ്റമൂലിയാണ്. എടുക്കണം". 

ഒരാളുടെ രോഗം മാറ്റാൻ അരച്ച് കലക്കി പാലിൽ കൊടുക്കാൻ പുഴയിൽ നിന്നും ഒരു കല്ല് പൊക്കണം എന്ന ബ്രീഫ് മാത്രമാണ് കുഞ്ഞപ്പന് കൊടുത്തിട്ടുള്ളത്. കോടികളുടെ മുതലാണെന്ന് പറഞ്ഞാൽ അരകുപ്പി ചാരായപ്പുറത്ത് കുഞ്ഞപ്പൻ അത് നോട്ടീസ് അടിക്കും എന്നു അമലിന് അറിയാം. 

കിട്ടിയാൽ എന്തേലും നക്കാപ്പിച്ച ഒരു പത്തുലക്ഷം കുഞ്ഞപ്പൻ അറിയാതെ വീടിന് മുന്നിൽ ഒരു പെട്ടിയിൽ സർപ്രയിസായി അങ്ങ് കൊടുത്തേക്കാം എന്നു അമൽ മനസിൽ കരുതിയിട്ടുണ്ട്. 

അങ്ങനെ തപ്പി ആ സാധനം കിട്ടി ഉൽക്ക. അമ്പത് കൊല്ലം തേഞ്ഞ് തേഞ്ഞ് അത് ഒരു ചെറിയ കല്ലായിരിക്കുന്നു. അമലും ആർട്ട് ടീമും ആ പുഴയുടെ നടുക്ക് നിന്നു മുക്കിമൂളി ഉൽക്ക എടുത്ത് പൊക്കി. കുഞ്ഞപ്പൻ ഒഴികെ സംഘം കിനാവുക്കൊണ്ട്  ഒരു കൊട്ടാരം ആ പുഴയിലെ നനഞ്ഞ പൂഴിയിൽ പണിതു. അവരുടെ മുക്കലും മൂളലും കണ്ട കുഞ്ഞപ്പന്റെ കുടിച്ച ചാരായം മുഴുവൻ ഇറങ്ങിയതാണ് കുഞ്ഞപ്പനു ആകെ ഉണ്ടായ് മാറ്റം. ആൾക്ക് എന്തോ പന്തികേട് തോന്നുകയും ചെയ്തു. 

അപ്പോൾ ഇരുട്ടിൽ നിന്നും അവരുടെ തലയിൽ പിടിപ്പിച്ച ടോറച്ച് വെട്ടത്തിലേക്ക് രണ്ടു പേർ നടന്നു വന്നുനിന്നു. ചട്ടയും മുണ്ടും ഉടുത്ത ഒരു പ്രായം ആയ സ്ത്രീ. മുണ്ട് മാത്രം ഉടുത്ത ഒരു വൃദ്ധൻ. അവർ കൈ നീട്ടിയപ്പോൾ അമൽ ആ ഉൽക്ക നീട്ടി അവർക്ക് കൊടുക്കുവാൻ ആർട്ട് ടീമിനോട് പറഞ്ഞു. 

വയസർ ഇരുവരും നിസാരമായി ആ ഉൽക്ക പരസ്പ്പരം ഒരു ബോളുപ്പോലെ എറിഞ്ഞു കൈ മാറി നടന്നു പോയി. മണ്ടത്തരം കാണിച്ച അമലിനെ നോക്കി ഈ കാണുന്ന മെനക്കേട് എല്ലാം കാട്ടിയ ആർട്ട് ടീം പഴിച്ചു.

"എന്താടാ ഈ കാണുന്ന മുക്കൽ ഒക്കെ മുക്കിപ്പിച്ചിട്ട് നീ ആളെ കളിയാക്കുവാണോ?". 

അമൽ പറഞ്ഞു. "അപ്പാപ്പനും അമ്മാമ്മയും". 


Comments

Popular posts from this blog

യൂത്ത് പാലം

മെട്രോ പൂച്ച