മെട്രോ പൂച്ച

ഇടയ്ക്ക് ബോധം പോകുന്നുണ്ട്.  എന്തോ ഒക്കെ കാണുന്നു. വണ്ടി ഇടിച്ചു മരിച്ചു പോയ അമ്മയുടെ തലയിൽ നിന്നും തെറിച്ചു കിടന്ന ചോരപ്പാട് കണ്ടു. 

മെട്രോയുടെ മുകളിലെ തൂണിൽ അകപ്പെട്ടിട്ട് എത്ര ദിവസം ആയി എന്നു ഓർമ്മ കിട്ടുന്നില്ല. മെട്രോയുടെ എൻട്രൻസ് ഭാഗത്ത് തണുത്ത തറയിൽ  കിടന്നു ഉറങ്ങാൻ നല്ല സുഖം ആണ്.  ഉണർന്നപ്പോ ആളുകളുടെ പിന്നാലെ അകത്തേക്ക് കയറി. ഇത് വരെ കാണാത്ത കാഴ്ചകൾ കാണാൻ തോന്നി, ആളുകളൊക്കെ എങ്ങോട്ട് പോകുന്നു എന്നറിയാനും. 

വീസിലും അടിച്ച് ഒരാൾ അടുത്തേക്ക് വരുന്നത് കണ്ടപ്പോ ട്രെയിൻ വരുന്ന വഴിയിലേക്ക് എടുത്തു ചാടി അയാളുടെ കൺവെട്ടത്തിൽ നിന്നും ഓടി മറഞ്ഞു. പിന്നെ അവിടെ നിന്നും കയറാൻ പറ്റിയില്ല. രക്ഷപ്പെടാൻ വല്ല വഴിയുണ്ടോ എന്നു നോക്കി കുറച്ച് ദൂരം വീണ്ടും മുന്നോട്ട് നടന്നു. ഒരേ പോലെ ഇരിക്കുന്ന നീണ്ട വഴി. പെട്ടെന്ന് ഒരു ട്രെയിൻ വരുന്നത് കണ്ടു. അത് എന്നെ വന്നിടിക്കും എന്നു തോന്നി.  ട്രെയിൻ അടുത്ത് വന്ന സമയം കുതറി മറിയപ്പോ കാല് വാഴുതി ഒരു വിടവിലേക്ക് വീണു. ആ വിടവിൽ കുടുങ്ങി പോയി. ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് പോലെ. ട്രെയിൻ കടന്നു പോയി. എങ്കിലും മുകളിലേക്ക് കയറാൻ പറ്റുന്നില്ല. ബലം പിടിച്ച് നോക്കിയെങ്കിലും ശ്വാസം മുട്ടിയതുക്കൊണ്ടു തഴെക്ക് തന്നെ നിരങ്ങി ഇറങ്ങി. 

ഒരു വലിയ തൂണിന് മുകളിലാണ് വന്നു ചാടിയത്.  നാലു വശത്തും അറ്റത്ത് നിന്നും  നോക്കിയപ്പോ തല കറങ്ങുന്നപ്പോലെ തോന്നി. മുകളിലേ വിടവിലേക്ക് തന്നെ കയറി നോക്കി. ശ്വാസം മുട്ടുന്നു. പല വട്ടം നോക്കിയെങ്കിലും പറ്റുന്നില്ല. 

താഴേയ്ക്ക് ചാടുന്നത് അല്ലാതെ രക്ഷപ്പെടാൻ വേറെ വഴി ഇല്ല. എന്നാൽ ചാടാൻ നോക്കുമ്പോ ധൈര്യം ചോർന്നു. അമ്മയുടെ തല തകർത്ത വണ്ടി കടന്നു പൊയ അതേ വഴിയിലൂടെ വണ്ടികൾ നീങ്ങുന്നുണ്ടു. സമയം കടന്നു പോയി. എനിക്ക് വിശന്നു തുടങ്ങി. കുറച്ച് വെള്ളം എങ്കിലും കിട്ടിയിരുന്നേൽ എന്നു തോന്നി.  രക്ഷപ്പെടാൻ ഉളള എല്ലാ പ്രതീക്ഷയും ഇല്ലാതായി. മരണം വരുന്നത് പോലെ. റോഡ് മുറിച്ച് കടന്നപ്പോ അമ്മ മരിക്കും എന്നു അറിഞ്ഞിരുന്നോ?  

മുകളിലൂടെ മെട്രോ ട്രെയിൻ കടന്നു പോകുമ്പോൾ ചെറുതായി ഇരമ്പൽ കേട്ടു. തൂൺ വിറയ്ക്കുന്നത് പോലെ. അങ്ങനെ പല തവണ വിറച്ച് നിന്നു. 

ദിവസങ്ങൾ കടന്നു പോയിട്ടുണ്ട്. ഓർമ്മ മങ്ങുന്നതു പോലെ. 
അമ്മ ചത്തു കിടക്കുന്നത് കുറെ നേരം നോക്കി നിന്നപ്പോ വണ്ടികൾ കയറി അമ്മ ചതഞ്ഞു അരയുന്നത് കണ്ടു. 






Comments

Popular posts from this blog

യൂത്ത് പാലം

ഉൽക്ക