ബാ പോകാം
നാളെ പതിനൊന്നിനാണ് കല്യാണം. 10AM - നു ഇറങ്ങിയാ മതിയല്ലോ. നേരം വെളുക്കുന്നതിന് മുന്നേ ഉറക്കം വരണം. അതുക്കൊണ്ട് ഉച്ച ഉറക്കം കടിച്ചു പിടിച്ചു, വൈകുന്നേരത്തെ ഉറക്കം രണ്ടാമതും കടിച്ചു പിടിച്ചു. ഇപ്പോ ഒഫീഷ്യലായി ജോലി ഇല്ലാത്തതിനാൽ ഉച്ചയ്ക്ക് പള്ള നിറഞ്ഞാൽ ഉറക്കം വരും. ഓഫീസിൽ ഇരുന്നുള്ള പണിയില്ല എന്ന വ്യാഖ്യാനം കരുതുന്നതാണ് കമ്പനിക്ക് നല്ലത് എന്നറിയിക്കുന്നു.
രാത്രി ആശാനെ വിളിച്ചു ഓർമിപ്പിക്കണൊ?. വേണ്ട, ആശാൻ എല്ലാമേറ്റുവെന്നും നിന്നെ കൂടാതെ നേര്യമംഗലം പാലം കടക്കില്ല എന്നും കല്യാണത്തലേന്ന് ഉറപ്പ് തന്നിട്ടുണ്ടല്ലോ. രാവിലെ എഴുന്നേറ്റു വിളിക്കാം.
കട്ടിലിൽ കയറിക്കിടന്നു. യെസ്സ് നീ ഉറങ്ങുകയാണ്, ടെക് എ ഡീപ് ബ്രീത്ത്, മറ്റെല്ലാം മറക്കാം. നാളെ കല്യാണത്തിന് ആശാനും പിള്ളേരുടേയും ഒപ്പം വൈബ് അടിക്കുന്നത് മാത്രം ഓർക്കുക. യെസ് നീ ഉറങ്ങുകയാണ്. ഉറങ്ങുന്നതിന് മുന്നേ അലാറം 8:30 വെയ്ക്കാം (മൊബൈലിൽ അലാറം വച്ചു). യെസ് നീ വീണ്ടും ഉറങ്ങുന്നു. അല്ലേൽ വേണ്ട 9 -നു വെയ്ക്കാം.(വീണ്ടും വച്ചു). ഫോൺ എടുത്തു. പ്രലോഭനങ്ങൾ എന്നെ അലട്ടുമ്പോൾ കർത്താവേ തുണയായിരിക്കണെ, സുഗിപ്പാക്കല്ലെ മോനെ എന്ന് അവിടുന്നു ശാസിച്ചു. ഫോൺ തിരികെ വെച്ചു. ഉറക്കം ശരിയായിലേൽ ചിലപ്പോ മടുക്കും, യാത്രയിൽ വാള് വെക്കാൻ വന്നാൽ ആകെ നാറ്റകേസും നാറ്റവുമാകും. യെസ് നാളെ 9 മണിക്ക് എഴുന്നേറ്റ് പോകുവാൻ നീ ഉറങ്ങുകയാണ്. നാളത്തെ വൈബിലേക്ക്.
അലാറം അടിച്ചു 9 മണിക്ക് എഴുന്നേറ്റ് 9:15 നു ആശാനെ വിളിച്ചു.
“ആശാനെ പോകണ്ടെ”.
“പോകാടാ. ഞാനുണ്ട് മോനുട്ടനുണ്ട്, സോണിയുണ്ട്, പാപ്പിയുണ്ട്, നീ അറിയില്ലേ പാപ്പിനെ?”
“ആ അറിയാം നിഖിലേട്ടൻ അല്ലേ?”
(വെള്ളമടി കമ്പനിക്ക് കണ്ടവരെ കൂടുതലോർക്കും).
“ടാ ഞാൻ കോട്ടയത്താ, തൊടുപുഴ എത്തിട്ട് വിളിക്കാം”
“ഒക്കെ ഞാൻ ടൌണിൽ കണ്ടേക്കാം”
പത്തു മണിക്ക് കുളിച്ച് ക്യൂട്ടപ്പനായി ഉടുപ്പിട്ടു. രണ്ടു ക്ലിക്ക് സ്പ്രേ അടിച്ചു. അപ്പനും അമ്മയും ബന്ധുവിന്റെ കല്യാണത്തിന് പോയി. നന്നായി, ഈ ദിവസം ജോസ് കല്യാണം വച്ചത്. ഉത്തമ സമയം, ശുഭമുഹൂർത്തം. ഉപദേശവും പതിവ് ചോദ്യങ്ങളും, പിന്നെ നല്ലപ്പിള്ള ചമയലും ഒഴിവാക്കി സണ്ണി വെയിൻ ഹാപ്പിനെസ്സ് പ്രൊജെക്ടിൽ പറഞ്ഞപ്പോലെ - 'രണ്ടു തമാശ ഒക്കെ പറഞ്ഞു,10 ml ഒക്കെയടിച്ചു കൂട്ടുകാരുടെ ഒപ്പം', വൈബ് വൈബ്. സണ്ണി വെയിൻ അങ്ങനെ പറഞ്ഞു. സണ്ണി ലിയോണു എന്തായിരിക്കും പറയാൻ ഉള്ളതാവോ ? ഓഹ് ലെറ്റ് മി കം ടു തി പോയിന്റ്.
ചേട്ടൻ എന്ന വനമരം അങ്ങ് കാനഡയ്ക്ക് പോയേപ്പിന്നെ ആ വിടവിലെ കല്യാണങ്ങൾ, കള്ളുകുടിയിലൊക്കെ കടന്നുക്കയറിക്കൊണ്ടിരിക്കുന്ന സുന്ദരനും സുശീലനുമായ യുവാവാണ് ഞാൻ. ഡേറ്റിങാപ്പിലെ പെൺക്കുട്ടികൾ എന്നാണാവോ ഈ സത്യം മനസിലാക്കുക? .
ഞാൻ കുറെ നേരം മഹേഷ് പ്രേമം പൊട്ടി മഴയത്ത് വീടിന് പുറത്തേക്ക് നോക്കി ഇരുന്നത് പോലെ സിറ്റ്ഔട്ടിൽ വന്നിരുന്നു. മഹേഷ് മഴ നോക്കിയപ്പോൾ എനിക്ക് കാണാൻ ഉണ്ടായത് കുറെ കരിഞ്ഞ ചെടികളും, വാടിയ വാഴയുമൊക്കെയാണ്. വെള്ളം ഇലാഞ്ഞിട്ടല്ല, നനയ്ക്കാത്തോണ്ടാ. ചെടി ഒക്കെ നട്ടിട്ട് രാജ്യം വിട്ടു പോയ ചേടത്തിയെയും അനിയത്തിയെയും അതൊക്കെ ഇടയ്ക്ക് കാണിച്ചു കൊടുക്കുന്നത് ഒരു ശീലമാണിപ്പോൾ. ദി സൈക്കോ സൈഡ് ഓഫ് മീ സടക്കുടഞ്ഞു എഴുന്നേൽക്കും. എതിരെ ഇരിക്കുന്നവന്റെ മനസ് അറിഞ്ഞാൽ പിന്നെ എല്ലാം പാവങ്ങളാ. അവർ പറയുന്ന തെറിക്ക് കയ്യും കണക്കും ഇല്ല. ലൈഫ് ആകുമ്പോൾ കുറച്ചു ഫാന്റസി ഒക്കെ വേണ്ടേ?.
10:15AM, ആശാൻ വിളിച്ചില്ല. സോണിയെ വിളിക്കാം.
“ടാ ആശാൻ വീട്ടിൽ പോയി വരുന്ന താമസം, ഞങ്ങള് ഇറങ്ങുമ്പോ വിളിക്കാം. നീ അപ്പോ ഇറങ്ങിയ മതി”
“ഓകെ”
10:30AM, തെർട്ടീ മിനിറ്റ് ടു കല്യാണം തുടങ്ങൽ.
ഇനി എത്ര ട്രാഫിക് കളിച്ചാലും അത് ഒരു ചരിത്രമാകാൻ പോണില്ല, സ്വഭാവികം. ഒരു പരുപാടിക്കും സമയത്തിന് പോയ ചരിത്രം ഇല്ല. ലേറ്റാ പോയാലും ലേടെസ്റ്റാ പോക വേണം.
ആശാനെ വിളിച്ചു.
“ആശാനെ”
“ടാ ഞാൻ ഇറങ്ങുവാ, എനിക്ക് ടൌണിൽച്ചെന്നു കാർ എടുക്കണം”
“എന്നാ ഞാനും ഇറങ്ങുവാ”
(മഹേഷ് കളിച്ചു എനിക്ക് ബോർ അടിച്ചിരുന്നു).
“ഒക്കെ”.
വീട്ടിന്നു ഇറങ്ങി. അലെൻസോളി ഷർട്ട് ( ചേട്ടൻ വക), വാൻ ഹുസയിൻ (എന്റെ സ്വന്തം), ജി ഷോക്ക് വാച്ച് ( ഗിഫ്റ്റ് കിട്ടിയത്), ഷൂ ( ബാറ്റ) ഔട്ഫിറ്റ് കോസ്റ്റ് ഏകദേശം ഒക്കെയാണ്. വാഹനം പാഷൻ പ്ലസ്, ചെടികളെ പോലെത്തന്നെ പരിപാലിക്കുന്നതിനാൽ പൊടിയുടെ മേമ്പൊടിയും ചെളിനിറവും. അവനൊരു ജിന്നാണ്. ആൻ ഏകോ ഫ്രെണ്ടിലി അപ്രോച്ച്. സ്പെഷ്യൽ എഫ്കടിന് ചെയിനടി ശബ്ദവും ഉണ്ട്. ബൈക്ക് ടൌണിൽ ഒരിടത്ത് തണലിൽ ഒതുക്കി.
ബസ്സുക്കയറി സിഗ്നൽ ജംഗ്ഷനിൽ വന്നു. ഒടുക്കത്തെ ചൂട് കാരണം പണി പാതി വഴിയായ ഒരു വലിയ കെട്ടിടത്തിന് മുന്നിൽ തണലിൽ കൈക്കെട്ടി കാത്തു നിന്നു. എന്റെ നിൽപ്പ് കണ്ടു സിഗ്നൽ കാത്തു നിൽക്കുന്ന ചിലരൊക്കെ നോക്കുന്നുണ്ട്. അത് പിന്നെ ഈ വലിയ കെട്ടിടത്തിന് മുന്നിൽ ഇത്ര പ്രതാപത്തോടെ നിന്നാൽ മുതലാളിയാണോ എന്നു തെറ്റിദ്ധരിക്കാതെ ഇരിക്കുമോ. ഐ കാൻ അണ്ടർസ്റ്റൻ്റ് മൈ ഫെല്ലോസ്. പണി എടുക്കുന്ന കുറെ ഹിന്ദിക്കാരുടെ മുന്നിൽ കൈക്കെട്ടി ജിൽ ജിൽ ആയല്ലെ നിൽക്കുന്നത്. തൽകാലം ഷർട്ട് ഇൻസേർട്ട് ചെയ്തത് അഴിച്ചിടാം.
‘മെരാ ഭായിയോ, കുച്ച് ദേർ മാപ്പ് കരോ. വൊ ആശാൻ ആയെ തക് മേം ഇസ് ജഗാ മെ ജാന’
11 AM. സ്റ്റാർട്ടഡ് കല്യാണം അറ്റ് നേര്യമംഗലം ക്രിസ്ത്യൻ പള്ളി (ഒറ്റപ്പള്ളി അഥവാ ഒരു പള്ളി മാത്രം)
സമയം പോയെങ്കിലും തണൽ ഉള്ളതുക്കോണ്ട് ഒരു റിലാക്സേഷൻ ഉണ്ട്. പിന്നെ ആശാനാണോ എന്നു ഓരോ വണ്ടി വരുമ്പോഴും എതിർ ഭാഗത്തേക്ക് എത്തി നോക്കി. ബ്രീസയിൽ ഇല്ല, ഏക്കൊസ്പോർടിൽ ഇല്ല, ഇന്നൊവേയിൽ ഇല്ല, സിറ്റിയിൽ ഇല്ല, നെക്സണിൽ ഇല്ല. കാത്തിരുന്നു കാത്തിരുന്നു പുഴ മെലിഞ്ഞു കടവൊഴിഞ്ഞു. എതിർ ഭാഗത്ത് പോയി നിന്നില്ല. വെയിലിൽ മുഖം വാടിയാൽ കല്യാണത്തിന് വന്ന തരുണിമണികൾക്ക് നിരാശ ഉണ്ടാകും. സോണിയും നിഖിലേട്ടനും എതിർ വശത്ത് ഒരു മരച്ചുവട്ടിലേക്ക് വന്നപ്പോ അങ്ങോട്ടു നടന്നു ചെന്നു.
11:15 AM
ആശാൻ എത്തി.സാൻട്രോ, ഇവനും ഒരു ജിന്നാണ്. റിമെമ്പറിങ് മൈ പാഷൻ പ്ലസ്. മരത്തണലിൽ വിശ്രമിക്കുക പങ്കാളി. ആശാൻ്റെ കൂടെ കാറിൽ മോനുട്ടൻ. ‘മോനുട്ടാ വെൽകോം ടു ദി ക്ലബ്’. ഒഫീഷ്യൽ ജോലി ഇല്ലാത്ത മറ്റൊരു മെംബർ. വണ്ടികളുമായി ബന്ധപ്പെട്ട ഒരു ഇൻസ്റ്റ അക്കൗണ്ട് മുതലാളിയാണ്.വണ്ടികളുടെ രോഗങ്ങളും അതിന്റെ പരിഹാരങ്ങളും പറയുന്ന നൂറുക്കണക്കിന് വീഡിയോസ്. ഹാവിങ് 96.7k ഫോളോവേർസ്.
ആശാൻ എല്ലാവരെയും നോക്കി ചൂടായി.
“നീയൊക്കെ എവിടെ ആയിരുന്നു”.
സിഗ്നൽ കടന്ന വണ്ടി പിന്നീട് ഫോർമുല വൺ മോഡിലേക്കാണ് കയറ്റിയത്. ആശാൻ ഇന്നലെ അടിച്ചത് ഇറങ്ങിയില്ലേ ആവോ.
“എന്റെ ആശാനെ വേണോ.”
“ടാ ലേറ്റ് ആയി,താമസിച്ചാൽ മോശമാണ്. കുപ്പി തീരുന്നതിന് മുന്നേയെങ്കിലും എത്തണം”
സോണി ഇൻ ഫ്രെണ്ട് റോ. നിഖിലേട്ടൻ ഹാവിങ് ഗൂഗിൾ മാപ്. മോനുട്ടൻ ആന്ഡ് മീ ബിസൈഡ് നിഖിലേട്ടൻ.
“നമ്മള് 12:15 - നു എത്തും”
നിഖിലേട്ടൻ പറഞ്ഞു.
“ആശാനെ പതിയെ പോയാമതി, 12:15 നു എത്തും. പെണ്ണും ചെറുക്കനും പള്ളിന്നു ഇറങ്ങുമ്പോ ഹാജരിടാം” സോണി പറഞ്ഞു.
“ആശാനെ വളവ് പിടിച്ചാൽ കിട്ടില്ല കേട്ടോ” ഞാൻ പറഞ്ഞു.
“എനിക്ക് വാള് വെക്കാൻ വരുന്നു” മോനുട്ടൻ പറഞ്ഞു”.
ഈ നമ്പരുകൾ ഒന്നും ഏറ്റില്ല. വണ്ടിയുടെ പിന്നിൽ ഇരുന്ന ഞങ്ങൾ മൂന്നു പേരും ഇടയ്ക്ക് മുകളിലേക്ക് ഉയർന്നു താഴ്ന്നു. ‘വാട്ട് എ വീഗാലാൻഡ് മൂഡ്’. റൂഫ് തലയിൽ തലോടി. ‘കാടിറങ്ങി ഓടിവരുമൊരു മൂകനായ കാട്ടുക്കടുവയെ വേട്ടയാടിയാടി ഇതുവഴി വാ’. ആ സമയം സീറ്റ് ബെൽറ്റ് കൂടാതെ ശരീരം വരുതിയിലാക്കുന്നതിന് സോണി എക്സസ്ട്രാ സേഫ്റ്റിക്ക് ഒരു കൈ എടുത്ത് മുകളിൽ ചേർത്ത് പിടിച്ചു.
വൈബ്, കൊടുര വൈബ്. വഴിക്ക് കുറുകെ ലോറി. വണ്ടി ഒന്നു സ്ലോ ആയി.
“ആശാൻ്റെ ഡ്രൈവിന് പറ്റിയ പാട്ട് RDX ലെ സീൻ മോനേയാണ്”
കേട്ട താമസം സോണി പാട്ടിട്ടു. ‘മുട്ടാൻ നിക്കണ്ട സീൻ മോനേ,വെറുതെ സീൻ മോനേ’. വീകെൻഡ് പ്രൊഡക്ഷൻ ബാനറിന്റെ അനുഗ്രഹം ലോറിയിൽ മുട്ടി സീനാകാതെ കാർ ലോറിയെ ഓവർടേക്ക് ചെയ്തു. അതിനു ശേഷം അതേ സൈക്കോളജി പ്രകാരം വേഗം കുറയ്ക്കാം എന്നു കരുതി ‘ഇവിടുത്തെ കാറ്റാണു കാറ്റ്” എന്ന പാട്ട് വെക്കുവാൻ സോണി തയാറായി. ബ്ലൂടൂത്ത് കണക്ട് ചെയ്ത് കേട്ട പാട്ടിന് വോളിയം കൂടാതെ വന്നപ്പോൾ സിസ്റ്റത്തിലെ വോളിയം ബട്ടൺ കേടാണെന്ന് ആശാൻ പറഞ്ഞു. ഫോണിൽ അഡ്ജസ്റ്റ് ചെയ്തു മാക്സിമം സൗണ്ട് വച്ചു. വേഗത കുറയുന്നില്ല. ശാസ്ത്രം തോറ്റു ആശാൻ ജയിച്ചു. ആശാൻ വെറുതെ സീൻ മോനേ.
ക്രിസ്റ്റി വിളിച്ചു. ആശാൻ പറഞ്ഞതനുസരിച്ചു. പത്തു മിനിറ്റിലെത്തും എന്നറിയിക്കുകയും (സത്യത്തിൽ 10 ഗുണം 4 മിനിറ്റ്) എല്ലാവരുടെയും പൊതുതാല്പര്യഹർജി പ്രകാരം കുപ്പി സെറ്റല്ലേ എന്നും നിഖിലേട്ടൻ ചോദിക്കുകയും ചെയ്തു.
“സെറ്റണ്, ആകെ ഒരു പള്ളിയുള്ളൂ നേരെ പോരേ”.
താമാസിച്ചതിനാൽ കുപ്പി തീരുമോ എന്ന സംശയം ഉടലെടുത്തു. ആകെ ഒരു കിലോമീറ്റർ മാത്രമുളള ബിവറേജിലേക്ക് പോകാണാമോ എന്ന ചർച്ച നാലും കൂടിയ കവലയിൽ നടക്കുന്ന സമയത്ത് മാത്രമാണ് വണ്ടിയൊന്ന് ശ്വാസം എടുത്തത്. വേണ്ടന്നു തീരുമാനിച്ചു. വണ്ടി ഏഗയിൻ സ്പോർട്സ് മോഡ്. ഇടയ്ക്ക് ആശാൻ AC നിർത്തി ബൂസ്റ്റ് മോഡാക്കിയിരുന്നു. വെറുതെ സീൻ മോനേ.
11:50 AM
വണ്ടി ചെന്നു കയറിയ റോഡിലെ വളവിൽ JCB വലിയ തുരങ്കം ഉണ്ടാക്കുകയാണ്. ഭായിമാർക്ക് വേറെ വഴിയും പറഞ്ഞു തരാനറിയില്ല. പിന്നോട്ട് എടുത്ത് തിരുതിര് ദേവി വഴിക്കാട്ടിയ ഏതോ ദിശ കയറി. കളഞ്ഞു പോയ മൊബൈൽ സിഗ്നൽ വന്നപ്പോ നേര്യമംഗലം പള്ളി എത്താൻ 12:45. പതിനഞ്ച് മിനിറ്റ് ആ വകയിൽ കമ്പനിക്ക് ബോണസ് കിട്ടി. വണ്ടി ഇപ്പോൾ ഏതോ കാട്ടിലാണ്. വീതി കുറഞ്ഞവഴി കട്ടിങ്ങുകളെ കളിയാക്കി കടുമണി വ്യത്യാസത്തിൽ ആശാൻ മുന്നിൽ ഉണ്ടായിരുന്ന വാഹനങ്ങളെ കടത്തിവെട്ടി.
എന്നാൽ കൊടുംവനത്തിൽ കൊടൂര ട്വിസ്റ്റ്. വണ്ടികരഞ്ഞു തുടങ്ങി. ബോണറ്റിന് താഴെയുള്ള വിക്കിയുള്ള കരച്ചിൽ. രോഗിയെ ഒതുക്കി നിർത്തി. സോണിയും ഞാനും ഇറങ്ങി. പരിശോധനയ്ക്ക് രോഗിയെ മുന്നോട്ട് എടുത്തു, ശബ്ദം കേൾക്കുന്നില്ല. കാറ്റു കുറവാണെങ്കിലും ശബ്ദം അതിന്റെതല്ല. എനിക്ക് ഒന്നും മനസിലാകുന്നില്ല. നിറുത്താൻ നേരത്ത് വീണ്ടും കേട്ടു അപശബ്ദം.
ദി മാൻ ഹൂ പുട് ഹൺഡ്രഡ് ഓഫ് വീഡിയോസ് റീഗാർഡിങ് വണ്ടികൾ. ഡോ വണ്ടിപ്പതി മോനുട്ടൻ ഫൈൻഡ്ഔട്ട് ദാറ്റ്.
“ഇത് ബ്രേക്ക്പ്പാടിന്റെയ.”
20 മിനിറ്റ് ഡയഗനൈസ് ആന്ഡ് ട്രീറ്റ്ടൈംമെന്റ് ടൈം കാട്ടിൽ ചിലവാക്കി. ആശാൻ വെട്ടിച്ച വണ്ടികൾ ഒക്കെ ആ സമയം ആശാന്റെ നെഞ്ചിൽ ചവിട്ടി കടന്നുപ്പോയിരുന്നു. വണ്ടി തണുത്തപ്പോൾ പതിയെ കാർ മുന്നോട്ട് നീക്കിയ ആശാന്റെ മുഖം വാടിയിരുന്നു. ഓഹ് സച്ച് എ ഡാർക് നിശബ്ദത ഇൻ ദി കാർ.
“മോനുട്ടാ കൺടെൻറ് ആയല്ലോ.”
“ടാ ഈ സമയത്ത് ഈമാതിരി തമാശ പറയല്ലേ?”
ശരിയാ ആശാന്റെ മാനസികാവസ്ഥ ഞാൻ ഓർക്കണമായിരുന്നു.
“നിന്റെ ഒക്കെ പ്രാക്കാ” എന്ന ആശാന്റെ മറുപടിയോടെ പിന്നെയും വൈബ് ഓണാകുകയും, തിരികെ വരുന്നതിനു ആശാനോട് മോനുട്ടൻ ബസ്സ് കൂലി ചോദിക്കുകയും ചെയ്തു. എന്നാലും ഇത് കര വേറെയാ എന്നും ഇത് വിട്ട് ഇവന്മാർ പോകാൻ കുറെ പാട് വിടും എന്നും ഉള്ള മൈൻഡാണ് ആശാന്.
വഴിമദ്ധ്യേ കണ്ട പള്ളിയിലേക്ക് ഗൂഗിൾ മാപ്പിനെ തൃണവൽക്കരിച്ച് ഇടിച്ചു കയറ്റിയ ആശാൻ അവിടെ കിടന്ന വണ്ടിയുടെ ഗ്ലാസ്സിൽ ഒട്ടിച്ച ചെക്കന്റെയും പെണ്ണിന്റെയും ഫോട്ടോ കണ്ടു വണ്ടി റിട്ടേൺ എടുത്തു. ആശാന്റെ ആത്മാർഥത ആപത്തിൽ ചാടിച്ചില്ല.
ഒടുവിൽ ആകെയുള്ള നേര്യമംഗലം പള്ളിയിലെത്തി. ഒരു വണ്ടി പോയിട്ട് ഒരു കു.. വേണ്ട, ഒരു കുഞ്ഞ് പോലും ഇല്ല. യാക്കോബായ പള്ളിയിലാണെത്തിയത്. കല്യാണം കത്തോലിക്ക പള്ളിയിലാണ്.
“വിളിക്ക് ആരടാ പറഞ്ഞേ ഇവിടെ ഒരു പള്ളിയുള്ളൂവെന്നു”. നിഖിലേട്ടൻ ഒരു നിമിഷം ക്രിസ്റ്റിയെ സ്മരിച്ചു. 10 മിനിറ്റ് അവിടെയും കമ്പനിക്ക് ബോണസ് കിട്ടി. പിന്നെ കത്തോലിക്കാ പള്ളിയിലേക്ക്. വണ്ടി പാർക്കിങ് ഗ്രൌണ്ടിലേക്ക് കയറുവാൻ തുടങ്ങവെ എതിരെ വന്ന BMW യിലെ കൂളീങ്ങ് ഗ്ലാസ്സുകാരനെ കണ്ടു സ്റ്റീയറിങ്ങിലെ ആശാന്റെ കൈകൾ വിറയ്ക്കുന്നുണ്ടായിരുന്നു.
“ഇടിക്കും ഞാൻ ഇവനെ”
“വേണ്ടാശാനെ വിട്ടേരെ, നമുക്കും ഒരു കൂളിങ്ഗ്ലാസ്സ് സെറ്റാക്കാം”. കൃത്യം 1:30 നു ഹാളിൽ കയറി. ആശാൻ ഐസ്ക്രീം എടുത്തു കഴിക്കുന്ന സമയം ക്രിസ്റ്റി വന്നു. കുപ്പി സെറ്റാണ്. സർവ്വമംഗളം ഭവന്തി. സ്റ്റേജിൽ തൻ്റെ പ്രിയതമയുടെ ഒപ്പം നിൽക്കുന്ന പുതുമണവാളൻ ജോസെ ഞങ്ങൾ രണ്ടെണ്ണം അടിച്ചിട്ട് വരാം.
“അയ്യോ ആശാനെ, ആശാൻ ഐസ്ക്രീം എടുത്തല്ലോ.”
“സാരമില്ലട ടച്ചിംഗ് ആക്കാം”.
ഓരോന്നുക്കീറി അതു തീർത്തു അടുത്ത കുപ്പി വരുന്നത് വരെ ആശാന്റെയൊപ്പം തരുണിമണികളെ ഒക്കെ കണ്ടുന്നിന്നു. അടുത്തക്കുപ്പി വന്നു ഒരോന്നുക്കൂടി അടിച്ചു. സ്റ്റേജിൽ കയറി തുള്ളലും കഴിഞ്ഞു. ഫുഡ് അടിച്ചു ഓരോന്നു കൂടി കീറി.
അവസാനം ജോസിന്റെ വീട്ടിൽ ചെന്നു കാപ്പിയും കുടിച്ചു, കേക്കും തിന്നു. മണിയറ ഒരുക്കുന്നതിന് ഉള്ള കട മുഴുവനും പൂവ് തപ്പി നടന്നു. മണിയറയിലെ ജൊസേ പൂ ഞങ്ങൾ എങ്ങനെ എങ്കിലും ഒപ്പിക്കും. അവസാനം വണ്ടിയുടെ മുന്നിലെ ബൊക്ക പൊളിച്ചു പൂവെടുത്ത് കിടക്കയിൽ സെറ്റ് ചെയ്തു സലാം പറഞ്ഞു തിരിച്ചു. എല്ലാം ശുഭം.
തിരിച്ചു പോകുവാൻ നേരത്ത് ആശാനോട് വണ്ടി ഓടിക്കുവാൻ എല്ലാവരും വോളണ്ടറി സഹായം വാഗ്ദാനം ചെയ്തെങ്കിലും ആശാൻ നിരസിച്ചു. എന്നാൽ പതിയെ പോകുന്ന ആശാന് പുലിമുരുകനിലെ “മുരുക മുരുക ഇട്ടു കൊടുത്തെങ്കിലും ആശാൻ ആ പോക്ക് തുടർന്നു. ഡാഷ് ബോർഡ് തുറന്നു വെറുതെ നോക്കിയ സോണി അതിൽ കിടക്കുന്ന ബ്ലൂടൂത്ത് സ്പീക്കർ കണ്ടു.
"അപ്പോ ഇതായിരുന്നല്ലെ ആശാനെ വോളിയം ബട്ടൺ വർക്കാകാതിരുന്നത്."
വണ്ടി ഒന്ന് തണുത്തിനാൽ ബ്രേക്ക് വായടച്ചിരുന്നു. രാത്രിയിൽ തിരിച്ചു വന്നപ്പോൾ കാട് വഴിയായിരുന്നില്ല. നേര്യമംഗലം പാലം പെട്ടെന്ന് എത്തിയപ്പോഴാണ് പോയ വഴി ചുറ്റായിരുന്നു എന്നു മനസിലായത്. വെട്ടത്തിൽ വഴി പിഴച്ചപ്പോൾ ഇരുട്ടിൽ അത് ശരിയായി.
നാഡിഞെരമ്പ് വലിഞ്ഞു കയറണ് പേശികളാകെ ഉരുണ്ടു കയറണ്. ആശാൻ്റെ കാലുകളിലെ തരിപ്പ് എറ്റുവാങ്ങുവാൻ പിന്നെയും ആക്സിലേട്ടറുടെ ജീവിതം ബാക്കിയായി.
Comments
Post a Comment