യാത്ര
കാറ്റിൽ ഇലകൾ പരസ്പ്പരം തൊടുന്നതും ഇടുങ്ങിയ മരങ്ങൾ ഞെരുങ്ങുന്നതും കൂടാതെ ചീവീടുകൾ ഉൾപ്പടെയുളള പ്രാണിവർഗങ്ങളും, പക്ഷികളും,എവിടെയോ ഒഴുകുന്ന അരുവിയുടെ ശബ്ദവുമെല്ലാം കലർന്നു കേൾക്കാം. 'ഇവിടേക്ക് പ്രവേശനം ഇല്ല' എന്ന തുരുമ്പിച്ച ബോർഡ് അവഗണിച്ചാണ് അജിത്ത് ആ മുള്ള് വേലിയിൽ ഷർട്ട് ഉടക്കാതെ കാട്ടിലേക്ക് കയറിയത്. വഴിയിൽ ഇലകൾ വീണു പുതഞ്ഞുക്കിടന്നതിന് ഇടയിലൂടെ പുല്ലുകൾ ഉയർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ വഴിക്ക് മീതെ പാഴ്മരങ്ങൾ വീണു കിടന്നു. ചിതലും, ഉറുമ്പുകളും അതിൽ ഇഴഞ്ഞു നീങ്ങുന്നത് അവൻ കണ്ടു. വേഴാമ്പൽ കൂവുന്നത് കേട്ടപ്പോൾ ഒന്നുന്നിന്ന് അത് എവിടെ നിന്നു വരുന്നുവെന്നു നോക്കി. എന്നാൽ അതിനെയവന് കാണുവാൻ പറ്റിയില്ല. പോകുന്ന വഴിയിൽ ഏതോ മൃഗം കാഷ്ട്ടിച്ചിട്ടതിന് അടുത്തായി അജിത്ത് വന്നു നിന്നു. അത് ഏത് മൃഗമായിരിക്കാം എന്നു അവന് ഊഹിക്കാൻ പറ്റിയില്ല. അതിൽ നിന്നും വമിക്കുന്ന മണം അവന് പുതിയതായി തോന്നി.
ഉച്ച സമയമാണെങ്കിലും മുന്നോട്ട് പോകപ്പോകേ കണ്ണുകളിൽ നിഴലുകൾ കനം വെക്കുന്നതായി അവന് മനസിലായി. കനം വച്ച നിഴലുകൾ ഒടുവിൽ അജിത്തിന്റെ കണ്ണുകളെ മൂടി. ഒന്നും കാണുവാനാകാതെ അവനു ചെറിയ ഭീതി കേറി. അജിത്ത് മുന്നോട്ട് രണ്ടടി വച്ചു. കാലുകൾ ആഴ്ന്നു പോകുന്നു. നനവ് കാലുകളിൽ പടരുന്നതും, തൊടുന്ന പദാർത്ഥതിന്റെ സ്വഭാവവും വച്ചു താൻ ചെളിയിലാണ് ആഴുന്നത് എന്നു അവന് തോന്നി.
രക്ഷപ്പെടുവാൻ കാലുകൾ ഞെരിച്ചൊരു ശ്രമം നടത്തിയെങ്കിലും വീണ്ടും താഴ്ന്നു തന്നെ പോകുന്നു. ഒടുവിൽ കഴുത്തോളം നനവ് പടർന്നു കയറി. ചുണ്ടുകളുടെ വിടവിലൂടെ അത് കയറിവരാതെ അവൻ ചുണ്ടുകൾ അകത്തേക്ക് മടക്കിവെച്ചു. തന്റെ ശ്വാസം ചെളിയിൽ പതിക്കുന്ന കമ്പനശബ്ദം അവന് കേൾക്കാം. വേട്ടമൃഗത്തിന്റെ കടി കഴുത്തിൽ അമർന്നു മരണത്തിലേക്ക് പ്രവേശിക്കുന്ന മാനിനെപ്പോലെ താനും മരണത്തിലേക്ക് പ്രവേശിക്കുന്നു. വഴിയിൽ കണ്ട കാഷ്ടം ഒരു മാനിന്റെതായിരിക്കാം എന്ന ചിന്ത ഒടുവിലായി അവന് തോന്നി.
ആ നിമിഷം ദൂരെ നിന്നും ഒരു ദീപസ്തംഭം ഒരു വീശൽ ശബ്ദത്തോടെ അജിത്തിന് മൂന്നിലായി വന്നു നിന്നു. അതിന്റെ ദീപ്തമായ ശോഭ കണ്ടു അവന് അത്ഭുതം തോന്നി.
കത്തി ജ്വലിക്കുന്ന ആ സ്തംഭത്തിലേക്ക് അവനെ ചുറ്റിയ ചെളി, പാമ്പുകൾ പോലെ ഇഴഞ്ഞു കയറി. ശരീരത്തിൽ നിന്നും നനവ് വിടുന്നത് അജിത്ത് അനുഭവിച്ചു. നനവൊക്കെയും വലിച്ചെടുത്ത ശേഷം സ്തംഭം പൊട്ടിതെറിച്ചപ്പോൾ ചുറ്റിലും ശോഭ പടർന്നു. അതിന്റെ ശക്തിയിൽ അവന് കണ്ണുകൾ അടക്കേണ്ടതായി വന്നു.
കണ്ണുകൾ തുറന്നപ്പോൾ അവൻ ഒരു കാട്ടുമാനിനു മുന്നിലായി നിൽക്കുകയായിരുന്നു. അജിത്തിനെ നോക്കിയ ശേഷം അത് നടന്നു പോയി. അവൻ ചുറ്റിലും നോക്കി. കാറ്റിൽ ഇലകൾ പരസ്പ്പരം തൊടുന്നതും ഇടുങ്ങിയ മരങ്ങൾ ഞെരങ്ങുന്നതും കൂടാതെ ചീവീടുകൾ ഉൾപ്പടെയുളള പ്രാണിവർഗങ്ങളും, പക്ഷികളും, ഉള്ളിൽ എവിടെയോ ഒഴുകുന്ന അരുവിയുടെ ശബ്ദവും എല്ലാം കലർന്നു കേൾക്കുന്ന ഒരിടം.
Comments
Post a Comment