ലൂസിഡ് ഡ്രീം (കഥ)

 ഉറക്കത്തിന്റെ കൈകൾ പിടിച്ചുവലിക്കുന്നത് ബോധ്യപ്പെട്ട അഖിൽ തന്റെ മസ്തിഷ്കത്തിലെ ആ ദിവസത്തെ അവസാന കാഴ്ച്ച അനുഭവത്തിലേക്ക് കയറിക്കൂടി. തനിക്ക് ഉണ്ടായ ആ കാഴ്ചയുടെ കടിഞ്ഞാൺ അഖിൽ ഏറ്റെടുത്തിരിക്കുന്നു. അബോധമനസും ബോധമനസും സന്നിവിപ്പിച്ച അനുഭൂതി. സമാസമം കരുത്തുള്ള  രണ്ടു ടീം ഒരു വടംവലി നടത്തുന്നത് പോലെ. 

ഒരു വൈകിയ രാത്രിയിൽ സുന്ദരമായ ഒരു തെരുവ്. ഇലകളിൽ തുള്ളികൾ പറ്റിയ മരങ്ങൾ നിറഞ്ഞ അതിന്റെ നിരത്തുകൾ. മഴ പെയ്തു തളം കെട്ടി കിടക്കുന്ന അതിന്റെ വഴികളിൽ പതിയുന്ന തെരുവ് വെളിച്ചത്തിന്റെ മഞ്ഞ നിറം, തണുത്ത കാറ്റിൽ തന്റെ സിഗരറ്റിൽ നിന്നും പുകചുരുളുകൾ വമിപ്പിച്ചു ജാക്കറ്റിന്റെ ചൂട് കെട്ടിപ്പിടുത്തമേറ്റു അഖിൽ നടന്നു. തെരുവിനോട് ചേർന്ന കായലിലൂടെ സഞ്ചരിക്കുന്ന ബോട്ടുകളിൽ  നിശാപ്പാർട്ടികളുടെ ആരവം നേർത്തു കേൾക്കാം. 

അഖിൽ നടന്നു ഒരു ഇരുനില കെട്ടിടത്തിന് കീഴിൽ വന്നു നിന്നു. വാസ്തു നൈപുണ്യം നിറഞ്ഞു നിലക്കുന്ന ആ കെട്ടിടത്തിന്റെ ഭിത്തിയിൽ കൊത്തുപണികൾക്ക് ഇടയിൽ ഒരു തുറന്ന ജാലക വാതിൽ. കർട്ടൺ വിരികൾ വകഞ്ഞു പുറത്തേക്ക് നോക്കി നിൽക്കുന്ന ഷെർലിയെ അവൻ അവിടെ കണ്ടു. ഷെർലി അവനെ കണ്ട മാത്രയിൽ എഴുന്നേറ്റു. അവൾ അവനു വേണ്ടി കർട്ടൺ നീക്കി നൃത്തം ചെയുവാൻ തുടങ്ങി. നിലാവത്ത് പൂർണച്ചന്ദ്രൻ എന്നപ്പോലെ അഖിൽ അവളെ നോക്കി നിന്നു. 

പെട്ടെന്ന് ബോധത്തിന്റെ വശത്തെ വലിക്ക് ബലം വച്ചപ്പോൾ ആ തെരുവിലേക്ക് നിലാവ് പടർത്തുന്ന  ഷെർലി ഉരുകി കലർന്നു. സന്ധ്യയിൽ പടിഞ്ഞാറ് മാനത്ത് പടർന്നു കിടന്ന നിറകണങ്ങളുടെ മിശ്രിതം എന്ന പോലെ ഒരു കാഴ്ച മാത്രം നല്കിക്കൊണ്ട്. 

കുറെ കഴിഞ്ഞു ബോധവും അബോധവും കളം ഒഴിഞ്ഞു. 

Comments

Popular posts from this blog

യൂത്ത് പാലം

മെട്രോ പൂച്ച

ഉൽക്ക