താഴെ മുകളിൽ (കഥ)
ഇരുട്ടിൻ്റെ വയറുത്തുളച്ച് കയറി വന്ന വെട്ടത്തിൻ്റെ വെടിയുണ്ട നിലത്ത് ചിതറി തെറിച്ച സമയത്ത് സ്വരൂപ് മുറിയിൽ ഇരുന്ന അപരിചിതരായ മനുഷ്യരെ അവ്യക്തമായി കണ്ടൂ. വെട്ടത്തിൻ്റെ തേരുകൾ അവരുടെ കണ്ണുകളിലെ ആകാംഷയുടെ വികാരങ്ങളെ വെളിപ്പെടുത്തി. പഴമയുടെ മണം മുറിയിൽ തളം കെട്ടിനിൽക്കുമ്പോൾ അവിടേക്ക് കറുപ്പ് വേഷധാരിയായ ഒരു അജ്ഞാതൻ വാതിൽ തുറന്നു കടന്നു വന്നു. അയാൾക്ക് പിന്നിൽ ചുവന്ന നിറത്തിൽ എന്തോ മിന്നിക്കൊണ്ടിരുന്നിരുന്നു. കയ്യിൽ ദണ്ഡ്പോലെ എന്തോ ഉണ്ടായിരുന്നത് ആ ചുവന്ന വെട്ടത്തിൽ സ്വരൂപ് ഒരു മിന്നായം പോലെ കാണുകയുണ്ടായി. വാതിൽ അടയപ്പെട്ടു. അജ്ഞാതൻ വട്ടത്തിൽ ഇരുന്ന അപരിചിതരുടെ നടുവിൽ വന്ന് നിന്നു. മുകളിൽ നിന്ന് ചിറകറ്റു വീഴുന്ന വെട്ടത്തിൻ്റെ തുള്ളി അയാളുടെ നെറുകും തലവഴി മുങ്ങി താണു. അജ്ഞാതൻ കൈകളിലെ ദണ്ഡ് മുകളിലേക്ക് ഉയർത്തിയപ്പോൾ സൃഷ്ടിയിൽ തുറക്കുന്ന വാതിലുകൾ പോലെ ആ ചെറിയ സുഷിരം വലുതായി. തീക്ഷ്ണത വിതറിയ ആ വെളിപ്പെടലിൽ അജ്ഞാതൻ്റെ കയിലെ മനുഷ്യ അസ്ഥിയിൽ നിന്നും ഉണങ്ങാത്ത രക്തത്തിൻ്റെ ചാലുകൾ ഇഴഞ്ഞുവീണു. ആ രൂപം പിന്നീട് രണ്ടു അടി പിന്നോട്ട് നിങ്ങി ദണ്ഡ് നിലത്ത് കുത്തി. നിലം തുളച്ച് പെരുമഴയിൽ ചെളിയിൽ നിന്നും വളർന്നു പൊങ്ങിയ കൂണ് പോലെ ഒരു സൗധം ഉയർന്നുപ്പൊങ്ങി.
സുഷിരത്തിലേക്ക് അതിൻ്റെ മുകളറ്റം ഇടുങ്ങിക്കയറി. ആ ഞെരുങ്ങലിൽ സുഷിരം പൊട്ടുകയും അതിനുള്ളിൽ നിന്നും ചങ്ങലകൾ ഓരോ അപരിചിതരുടെയും മുന്നിൽ വന്നു തറക്കുകയും ചെയ്തു. സ്വരൂപിന് പുറംത്തിരിഞ്ഞ് നിന്ന അയാൾ തൻ്റെ സഹചാരികളായ അപരിചിതരുടെ മുഖത്തിന് അഭിമുഖം വന്ന് നിന്ന് എന്തോ പിറുപ്പിറുക്കുകയും, അത് കേട്ട ആ ഓരോ മനുഷ്യരും ഭ്രാന്ത് പിടിച്ചതുപ്പോലെ ചങ്ങലകളിലൂടെ മുകളിലേക്ക് വലിഞ്ഞു കയറുകയും ചെയ്തത് സ്വരൂപ് കണ്ടൂ. അജ്ഞാതൻ സ്വരൂപിൻ്റെ മുഖത്തിന് അഭിമുഖമായി വന്നുന്നിന്നു. മുഖത്തിന് പകരം അവിടെ ഉണ്ടായിരുന്നത് ഇരുട്ടിൻ്റെ വലിയ ആഴമാണ്. ആഴത്തിൽ നിന്നും പിറുപ്പിറുക്കലുകൾ ഉയർന്നപ്പോൾ സ്വരൂപിൻ്റെ സിരകളിൽ രക്തം തിളച്ചു. അവൻ ചങ്ങലകളിൽ ഭ്രാന്ത് പിടിച്ച് വലിഞ്ഞു കയറി. അവസാനയാളും മുകളിൽ വന്ന നേരം താഴേക്കുള്ള സുഷിരം അടഞ്ഞു. മുറിയിൽ വ്യാപിച്ചു നിന്ന വലിയ ഒരു എട്ടുകാലി വലയിൽ ഒരു ഖണ്ഡി പോലെ സ്വരൂപും ഭാഗമായി. അവിടെയും ഇരുട്ടിൻ്റെ ഒരു വശത്ത് ചുവന്ന വെട്ടം മിന്നുന്നുണ്ട്.
ആജാനുബാഹുവായ ഒരു വൃക്ഷത്തിൻ്റെ ജീർണിച്ച വേരിൻ്റെ വഴി പോലുള്ള അവിടേക്കുള്ള ചുവപ്പ് കേന്ദ്രത്തിലേക്ക് എട്ടുകാലി വലയുടെ കേന്ദ്രം ആകർഷിക്കപ്പെട്ടു.ചുവപ്പ് കേന്ദ്രത്തിൽ നിന്നും നിലവിളികൾ ഉയർന്നുക്കേട്ടു. ഭ്രാന്ത് പിടിച്ച അപരിചിതരും സ്വരൂപും കേന്ദ്രത്തിൽ പതിച്ചു. അവിടെ നിന്നും ചോര ഒലിക്കുന്ന അസ്ഥികൾ വേരിൻ്റെ വഴിയിലേക്ക് തെറിച്ചുവീണു. മണ്ണിരകൾ പോലെ ജീർണതയുടെ വശത്ത് നിന്നും കറുപ്പ് വേഷധാരികൾ മുളച്ചു പുറത്ത് ചാടി. ചിതറിയ ഓരോ അസ്ഥികളും മുഖമില്ലാത്ത അവർ കൈക്കലാക്കി.
Comments
Post a Comment