കണ്ടുപിടുത്തം(കഥ)
വിനയനും കുടുംബത്തിനും നാളുകളായി ഉണ്ടായിരുന്ന വാസസ്ഥലം നഷ്ട്ടപ്പെട്ടിരിക്കുന്നു. കൗമാരക്കാരനായ ഔസെപ്പിൻ്റെ തുണിയലമാരയിൽ ഒരുവിധം മെച്ചപ്പെട്ട ജീവിതം നയിച്ചുവരികയായിരുന്നു വിനയൻ്റെ കുടുംബം. ഔസെപ്പിൻ്റെ അലമാരയിൽ പഴയതും പുതിയതും, അലക്കാനുള്ളതും അലക്കിയതും,കോട്ടനും, പോളിസ്റ്ററും ഒക്കെ ഇടകലർന്ന് കുമിഞ്ഞുക്കിടന്നു.
വൈവിധ്യവും വിരോധാഭാസവും ഒക്കെ കലർന്ന ആ തുണിലോകത്തിൽ വിനയൻ സകുടുംബം വിഹരിച്ചുപ്പോന്നു. ചിലപ്പോൾ കടിക്കാൻ വിരുന്നിലെ വീഞ്ഞു പോലെ ഔസെപ്പ് രാത്രികളിൽ അലമാരയിൽ ഒളിപ്പിക്കുന്ന ഫയർ പുസ്തകങ്ങൾ കിട്ടാറുണ്ട് അവർക്ക്. നഗ്നമായ മനുഷ്യരൂപത്തെ ഒരു ദാക്ഷിണ്യവും കൂടാതെ അവർ കരണ്ട് തിന്നും. അലമാരക്ക് സമീപം ഔസെപ് വരുന്നത് അപകടമല്ല. പാറ്റകളായ തങ്ങളെ നേരിൽ കണ്ടാൽ പോലും കണ്ട ഭാവം ഇല്ലാത്ത സാധുവാണ് അവൻ. പക്ഷെ അവൻ്റെ അമ്മയായ ആ സ്ത്രീ അവരെ ഉന്മൂലനം ചെയ്യുവാൻ പല വഴികളും നോക്കി. അപ്പോഴെല്ലം അലമാരയുടെ വടക്കേ മൂലയിൽ ഉള്ള ചെറിയ ഇരുണ്ട പൊത്തിൽ കേറി ഒളിച്ച് രക്ഷപെടാം എന്ന ആത്മവിശ്വാസമാണ് അവരെ മുന്നോട്ട് നയിക്കുന്നത്.
തൻ്റെ ജീവിതത്തിന് വെല്ലുവിളിയായത് ശാസ്ത്ര വളർച്ചയാണ് എന്നത് വിനയന് ശക്തമായ അത്ഭുതമാണ്. പാറ്റകളെ ഇല്ലാതാക്കാൻ മനുഷ്യർ സങ്കുചിതമായി വെളുത്ത രൂപത്തിലുള്ള ഗുളികകൾ ഉണ്ടാക്കിയിരിക്കുന്നു. ആ ഗുളിക താൻ സ്വര്യവിഹാരം നടത്തിയിരുന്ന പിണ്ഡലോകത്തിൽ ഒരു ഹിരോഷിമ ബോംബ് പോലെ സ്ഥാപിക്കപ്പെട്ടു.ശാസ്ത്രം വളരുമ്പോൾ തങ്ങളെപ്പോലുള്ള കീടങ്ങളും മറ്റു ജീവികളും ഒക്കെ ബലിയാടാകുന്നു.
മനുഷ്യകേന്ദ്രീകൃതമായ ശാസ്ത്രപുരോഗതികളെ എതിർക്കുന്നത് തങ്ങൾക്ക് പരിമിതമായ കാര്യമാണ്. തങ്ങളെപ്പോലുള്ളവരുടെ ഉന്മൂലനം ശക്തമായി പ്രതിരോധിക്കാൻ ഒരു സംഘടന രൂപീകരണം പ്രായോഗികമല്ല. ഈ ജനിതക അവസ്ഥയിൽ അവർക്ക് അതിന് പരിമിതികൾ ഉണ്ട്.പരിഹാരം തലമുറകളിലൂടെയുള്ള ജനിതകമായ പ്രതിരോധശേഷി നേടിയെടുക്കുക എന്നതാണ്. എന്നാൽ നിരവധിപേരുടെ ബലികൊടുക്കൽ അപ്പോഴും ബാക്കിയാവും എന്നും വിനയന് അറിയാം.
സമാധാനത്തിൻ്റെയും ശാന്തിയുടെയും പ്രതീകമാണ് മനുഷ്യന് വെള്ളനിറം. വെളുത്ത ഗുളികയുടെ വരവോടെ അലമാരയിലെ ജീവിതം വിനയനും കുടുംബത്തിനും അസാധ്യമായി . രൂക്ഷഗന്ധം മണത്തു തലകറങ്ങി പലപ്പോഴായി വിനയൻ്റെ കുടുംബാംഗങ്ങൾ ബോധം നഷ്ടപ്പെട്ട് വീണുപോയി. ഇളയ മകൻ്റെ കാര്യം കുറച്ച് ഗുരുതരമാണ്. അവൻ സ്വബോധം നഷ്ടപ്പെട്ട് അച്ഛനായ വിനയനെ പോലും മറന്നിരിന്നു.
വിഷാദത്തിൽ ആയ വിനയന് പെട്ടെന്ന് ഒരു ബുദ്ധി തോന്നി. ഔസെപ് രണ്ടു ദിവസമാണ് കളിക്കാനായി ഒരു ബനിയൻ അടുപ്പിച്ച് ഉപയോഗിക്കുക.
അമ്മ എത്ര ചീത്ത പറഞ്ഞാലും അവൻ അത് അലമാരയിൽ തന്നെ ഇടും.
ഇന്നലെ കളിക്കാൻ കൊണ്ടുപോയ ചുവന്ന ബനിയനിലേക്ക് വിനയൻ ഭാര്യയെയും മക്കളെയും കോളറിൽ കയറ്റി ഒളിപ്പിച്ചു. ഔസേപ്പ് ക്രിക്കറ്റ് കളിക്കാൻ എടുത്ത ചിഞ്ഞ് നാറിയ ബനിയനിലൂടെ വിനയൻ വിഷം കലർന്ന നാഗസാക്കിയിൽ നിന്നും പുറത്തെത്തി. ശുദ്ധവായു ശ്വസിച്ച് ഇളയ മകന് സ്വബോധം തിരിച്ച് കിട്ടി.
രാത്രിവരെ അവൻ അവരെ വാതിലിൻ്റെ പടിയിൽ ചിതൽ കേറി രൂപപ്പെട്ട പൊത്തിൽ ഒളിപ്പിച്ചു. വീട്ടിലെ മനുഷ്യരെല്ലാം ഉറങ്ങി അന്തരീക്ഷം ഇരുട്ടിൽ മുങ്ങി. അപ്പോഴാണ് വിനയൻ്റെ ഭാര്യക്ക് ഹാളിൽ ഒരു ഭാഗത്ത് തൻ്റെ വർഗ്ഗത്തിൽ പെട്ട ചിലരുടെ ഗന്ധം നാസ്വാരന്ധങ്ങളിൽ കിട്ടിയത്. അവിടേക്ക് വിനയൻ കുടുംബത്തെ കൂട്ടി ചെന്നു.കൈകഴുകുന്ന വാഷ്ബേസിന് കീഴിൽ തടി വാതിലിൻ്റെ കീഴെ മൂലയിലെ ചെറിയ വിടവിലൂടെ വിനയൻ മണം പിടിച്ച് അകത്തു കയറി.അവിടെ കുറെ പാറ്റകൾ ഒരു കോളനി തന്നെ രൂപീകരിച്ചിരുന്നു. അഴുക്കുവെള്ളം പോകുന്ന പൈപ്പിൻ്റെ വിടവിലൂടെ പാറ്റകൾ പൈപ്പിനകത്ത് കൂടി വന്നുപ്പോയിക്കൊണ്ടിരുന്നു.
വിനയനെയും കുടുംബത്തെയും അവിടെ ഉള്ളവർ സ്വാഗതം ചെയ്തു.
അലമാരയുടെ ലോകത്ത് നിന്നും വിനയനും കുടുംബവും ആ കുഴൽവഴി മണ്ണിനടിയിൽ മറ്റൊരു ലോകത്ത് മറ്റൊരു ആവാസവ്യവസ്ഥയിൽ എത്തപ്പെട്ടു. മനുഷ്യശരിരങ്ങളുടെ വീഞ്ഞു നഷ്ടപെട്ട സമാധാനമുള്ള ലോകത്ത്. സന്തോഷത്തോടെ ഇരുന്ന വിനയൻ്റെ ചെവിയിൽ വന്ന് അവൻ്റെ ഭാര്യ പറഞ്ഞു "വാഷ്ബേസിൻ കണ്ടുപിടിച്ചതും ശാസ്ത്രമാണ്".
Comments
Post a Comment