കുഴിയും പൊത്തും(കഥ)

ചിന്മയൻ മുഷിപ്പ് മാറ്റുവാൻ വെറുതെ പറമ്പിലേക്കിറങ്ങി നടക്കുകയാണ്.
പെട്ടെന്ന് ഒരു പട്ടിയുടെ കുര എവിടെ നിന്നോ നിർത്താതെ കേൾക്കാൻ തുടങ്ങി. അയാൾ കുര കേൾക്കുന്ന ഭാഗത്തേക്ക് നടന്നു. പറമ്പിലെ ആരും പോകാത്ത ഒരു അതിരിൽ നിന്നാണ് കുര കേൾക്കുന്നത്. കാട് കേറി ഇരുട്ട് കനം വച്ചു കിടക്കുന്ന ആ ഭാഗത്തുകൂടി ചിന്മയൻ അവിടെ കിടന്ന ഒരു വടികൊണ്ട് വഴി വകഞ്ഞു. അവിടെ ചെന്നപ്പോൾ കുഴിയിൽ കിടക്കുന്ന ഇട്ടുക്കുറുപ്പിൻ്റെ അരുമയായ സുധമോൾ. തൂവെള്ളരോമങ്ങളാൽ അനാവൃതമായ സുധ കുഴിയിൽ അകപ്പെട്ടിരിക്കുന്നു. പണ്ട് പണ്ടെന്ന് പറഞാൽ നൂറ്റാണ്ടുകൾക്ക് മുൻപ് മനുഷ്യരെ തവള പോലെ ഇരുത്തി അടക്കം ചെയ്ത ഒരു കല്ലുക്കുഴിയുടെ അവശിഷ്ടമാണ്. രണ്ടാൾ പൊക്കമുള്ള കുഴിയിലേക്ക് പാമ്പുകളെപ്പോലെ ഇഴഞ്ഞു കിടക്കുന്ന വയസൻ വേരുകൾ.
പറമ്പിൽ അവിടെയിവിടെയായി ഇതുപോലുള്ള കുഴികൾ കുറെയുണ്ട്. ഈ പ്രാചീന ശവകുടീരത്തിൽ പ്രത്യേക പൂജ കഴിപ്പിച്ചു സുപ്രസിദ്ധ തന്ത്രി ഗോപലാചാരി പ്രേത ഭൂതാതികളെ ഒഴിപ്പിച്ചിട്ടുമുണ്ട്.

സുധമോൾ ഇട്ടുകുറുപ്പിൻെറ നായയാണ്. അസൽ വിദേശി. അവളെയൊന്ന് തൊട്ടു താലോലിക്കാൻ പോയിട്ട് പേര് വിളിക്കാൻ കൂടി കുറുപ്പ് ആരെയും അനുവദിക്കില്ല. കൂടാതെ ഹസ്കി ഇനത്തിൽപ്പെട്ട സുധക്ക് കിടക്കാൻ ശീതികരിച്ച ഒരു മുറി തന്നെയുണ്ട് അയാളുടെ വീട്ടിൽ. അവിടെ നിറയെ കളിക്കാൻ കളിപ്പാട്ടങ്ങൾ. നാട്ടിലെ കുട്ടികൾ പലപ്പോഴും ആ മുറിയിൽ ജനലിലൂടെ എത്തി നോക്കി സുധയുടെ കളിപ്പാട്ടങ്ങൾ കണ്ട് കൊതിയുറാറുണ്ട്.

ഹസ്കി എങ്ങനെ ഇതിൽ വന്നുപ്പെട്ടു  എന്നാലോചിച്ച് നിൽക്കുമ്പോൾ അത് കുരയ്ക്കുന്നത് അവിടെ കുഴിക്ക് ചേർന്നു നിൽക്കുന്ന പനയുടെ മുകളിലേക്ക് നോട്ടം വെച്ചാണെന്ന് ചിന്മയൻ മനസ്സിലാക്കി. ചിന്മയനും നോട്ടം അങ്ങോട്ടാക്കി. അതിപ്രാചീനവും ആജാനുബാഹുവുമായ പനയുടെ മുകളിൽ ഒരു വലിയ പൊത്ത്. മുകളിൽ ആകാശത്തിൽ മേഘങ്ങൾ അപ്പോൾ പേറ്റുനോവ് വിട്ട് മഴ പൊഴിച്ചിരുന്നു. കുറച്ച് തുള്ളികൾ ചിൻമയൻ്റെ കണ്ണുകളിൽ മങ്ങൽ വരുത്തി. മങ്ങിയ കാഴ്ചയിൽ ചിന്മയൻ പൊത്തിൽ ഒരു വലിയ തത്തയെ കണ്ടൂ. തത്ത അകത്തേക്ക് തന്നെ കയറിപ്പോയി. ഹസ്കിയോളം തന്നെ  വലുപ്പം കാണും. ഹസ്ക്കിക്ക് ഈ വരുന്ന ഫെബ്രുവരി മൂന്നിന്ന് ഒന്നര വയസ്സ് തികയും. അത്ര വലുപ്പം. ചിന്മയന് അത് വിശ്വസിക്കാനായില്ല. തത്തക്ക് പിന്നാലെ ഒരു കഴുകൻ വലിയ പൊത്തിൻ്റെ മുഖത്ത് വന്ന് നിൽക്കുന്നു. കഴുകനും തത്തയും ഒരേ പൊത്തിൽ. ചിന്മയൻ കണ്ണിലെ വെള്ളം തുടച്ചു നീക്കി. അത് കഴുകനല്ല,കഴുകനോളം വലിയ പരുന്താണ്. അത്ഭുതം പൂണ്ട് ചിന്മയൻ നല്ല കാഴ്ചക്ക് വേണ്ടി പറമ്പിൽ കിടന്ന വലിയ പാറയിലേക്ക് വലിഞ്ഞു കയറി. 

പാറ എങ്ങനെ ഇവിടെ വന്നെന്ന് അറിയില്ല. അയാൾക്ക് ഓർമ വെച്ച നാൾ മുതൽ അതവിടെയുണ്ട്. ഒരു ഫുട്ബാളിൻ്റെ ആകൃതിയിലുള്ള പാറയുടെ കുറെ ഭാഗം മണ്ണിനടിയിലാണ്. അവിടെ കേറി നിന്ന് നോക്കിയപ്പോൾ ഒന്നല്ല, മൂന്ന് പരുന്തുകൾ. പൊത്തിൽ എന്തോ രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നു. ചിന്മയൻ പറമ്പിലെ പണിപ്പുരയിലേക്ക് ഓടി. കുരച്ചുക്കൊണ്ടിരിക്കുന്ന ഹസ്കിയെ പാടെ അയാൾ മറന്നു. പണിപ്പുരയിൽ നിന്നും മരം കയറുന്ന യന്ത്രവുമായിട്ടാണ് ചിന്മയൻ തിരിച്ച് വന്നത്. അയാളുടെ ശരീരത്തിൽ കിനിഞ്ഞ വിയർപ്പ് കണങ്ങൾ മഴത്തുളികളിൽ കലർന്ന് മണിലേക്ക് നീങ്ങി,ഹസ്കി കിടന്ന ഏതോ മനുഷ്യൻ്റെ ആത്മാവ് കുടിക്കൊണ്ട കുഴിയിലേക്ക് ആ മിശ്രിതം ഒഴുകി.

ചിന്മയൻ യന്ത്രം വച്ചു പനയുടെ മുകളിലേക്ക് കയറി. കുറെ നേരത്തെ പരിശ്രമത്തിന് ശേഷം മുകളിലെത്തി. അയാളുടെ തല പൊത്തിലേക്ക് നീട്ടി. അതിനകത്ത് അയാൾ കണ്ട കാഴ്ച ആ നാട്ടിലെ ഏതൊരു മനുഷ്യനെയും പിടിച്ചുലക്കുന്നതാണ്. മറ്റൊരു ലോകം. മരത്തിൻ്റെ ശിഖരത്തിൽ കുരങ്ങൻ്റെ മടിയിൽ തലവച്ച് കിടക്കുന്ന ഒരു കരിംപ്പുലി. പുഴയിൽ നിന്നും വെള്ളം കുടിക്കുന്ന മാൻപ്പേടകൾക്ക് നടുവിൽ നിന്ന് വെള്ളം കുടിക്കുന്ന സിംഹകൂട്ടം. മൈനയുടെ ചുണ്ടുകളിൽ ഇഴയുന്ന പുഴുക്കൾ. പ്രകൃതി നിയമങ്ങൾ,
സമവാക്യങ്ങൾ എല്ലാം വിരോധാഭാസം മാത്രമായി ഭവിക്കാവുന്ന ഒരു ജന്തുലോകം. ചിന്മയൻ അവിടെ സകല ജീവജാലങ്ങളെയും കണ്ടൂ. ഇതുവരെ കാണാത്ത ജീവികൾ,സസ്യങ്ങൾ, ഭൂപ്രകൃതി. എന്നാൽ ഒരു മനുഷ്യനെ പോലും അവിടെ ചിൻമയന് കാണുവാനയില്ല. പെട്ടെന്ന് ഒരു വലിയ മുഴക്കം ആ ലോകത്ത് കേട്ടു. ആ മുഴക്കത്തിൽ പുഴയുടെ നടുവിൽ ഒരു വര പോലെ രക്തം ഒഴുകി. സകല മംസഭോജികളും ആ വരയുടെ വശങ്ങളിൽ വന്ന് നിന്ന് പുഴയുടെ അടിയിലേക്ക് തല പൊത്തി.

ഈ നേരം പൊത്തിലേക്ക് ആവേശപൂർവം അയാൾ കയറുവാൻ തുനിഞ്ഞ നിമിഷത്തിൽ ആ ലോകത്തിലെ സകല ജീവികളും ചിന്മയനെ ഭയപ്പെടുത്തി രൗദ്രത്തോടെ ഒരു നോട്ടം നോക്കി. കരിംപ്പുലിയുടെ കണ്ണുകളിൽ ചുവപ്പ് വ്യാപിച്ചു. കുരങ്ങൻ തേറ്റപ്പല്ല് നീട്ടി. സകല ജീവികളുടെയും ആ നോട്ടത്തിൽ ചിന്മയൻ പെട്ടെന്ന് ഭയം കേറി ബോധം കെട്ട് കൈ വിടുകയും താഴേക്ക് യന്ത്രത്തോട് കൂടി പതിക്കുകയും ചെയ്തു. ചിന്മയൻ വന്ന് വീണത് ഹസ്കി കിടന്ന കുഴിയിലേക്കാണ്. കുഴിയിൽ വെള്ളം നിറഞ്ഞിരുന്നു. കുഴിയുടെ അടിയിൽ വച്ചു കണ്ണ് തുറന്നു. ചിന്മയൻ മുകളിലേക്ക് വേരുകളിൽ ആഞ് പിടിച്ചു  കുഴിയുടെ  ഉപരിതലത്തിലെത്തി ഒരു ദീർഘശ്വാസം എടുത്തു. കുഴിയിൽ വെള്ളത്തിൽ അകപെടാതെ ഹസ്‌കി കാലുകളും കൈകളും ഇട്ടു അലയ്ക്കുന്നുണ്ട്.

ചിന്മയൻ ഇട്ടുക്കുറുപ്പിനെ പേടിച്ച് അതിനെ ഒന്ന് തൊടുക പോലും ചെയ്യാതെ കുഴിയിൽ നിന്നും വേരുകളിലൂടെ പിടിച്ച് വലിഞ്ഞു പുറത്ത് ചാടി. എന്നാൽ ആ നേരത്ത് സുധ അയാളുടെ തോളിൽ അളളിപ്പിടിച്ചിരുന്നു. സുധ കുഴിക്ക് വെളിയിൽ വന്നു. ചിന്മയൻ തളർന്നു അവിടെ ഇരുന്നു. സുധ അയാളെ നോക്കി ഒന്ന് വാലാട്ടി. ദേഹത്തെ വെള്ളം കുടഞ്ഞു അത് ഓടി മറഞ്ഞു. കുറച്ച് നേരം എന്തോ ആലോചിച്ച് ചിന്മയൻ അവിടെ നിന്നും എഴുന്നേറ്റ് മരം കയറുന്ന യന്ത്രം എടുത്ത് കുഴിയിലേക്ക് ഇട്ടു. പനമരത്തിൻ്റെ പൊത്തിലേക്ക് ഒന്നുക്കൂടി നോക്കിയ അയാൾ അവിടെ നിന്നും വീട്ടിലേക്ക് മടങ്ങി.

Comments

Popular posts from this blog

യൂത്ത് പാലം

മെട്രോ പൂച്ച

ഉൽക്ക