മരണാനന്തരം(കഥ)
ആകാശത്തിൽ മിന്നൽപ്പിണരുകൾക്ക് നടുക്ക് കണ്ട തുറന്ന ഭാഗം. ആത്മാവ് അവിടം കടന്നു അകത്തേക്ക് നീങ്ങി. ഇന്നോളം ജീവിച്ച ഭൂമിയിൽ ജീവിക്കുന്നവരെ അത് തിരിഞ്ഞുനോക്കി. വ്യത്യസ്തമായ ശരീരത്തിൽ ജീവിക്കുന്ന അനേകം മനുഷ്യരും ജീവികളും സസ്യങ്ങളും നിറഞ്ഞ ഗോളം.
കഴിഞ്ഞ് പോയ ജീവിതത്തെ ഒറ്റ നോട്ടത്തിൽ ഓർത്ത് അത് അനന്തമായ നിലനിൽപ്പിൻ്റെ ഭാഗമായി. സ്വർഗത്തിൽ സകലചരാചരങ്ങളും ഒറ്റ രൂപത്തിൽ ഒരു വലിയ പ്രഭാവലയം തീർത്തിരിക്കുന്നു.പടർന്നു കിടക്കുന്ന വലകൾ പോലെ. സ്വയം നോക്കിയപ്പോൾ കണ്ടത് അതിൽ ഒരു ഭാഗമെന്നപോലെ സവിശേഷതകൾ ഉള്ള ചെറിയ ശാഖകൾ ഉള്ള തൻ്റെ ആത്മാവിനെ. ഞൊടിയിടയിൽ പ്രഭാവലയം മിന്നുവാൻ തുടങ്ങി. സ്വർഗം പൂണ്ട ആത്മാവ് ആ വലയത്തിലേക്ക് ചേർന്നു. പെട്ടെന്ന് അത് ചുരുങ്ങി,ചുരുങ്ങി ഭൂമിയിലെ ഒരു കോണിൽ ഒരു അഗ്നിപർവതത്തിന് ഒത്ത നടുവിൽ ഒരു തീപ്പൊരിയായിമാറി. ആയിരം ഡിഗ്രീ സെൽഷ്യസിനും മുകളിൽ ചൂടുള്ള തീ കഷ്ണം ഒരു പൊട്ടിത്തെറിയോടെ ഭൂമിയുടെ ഉപരിതലത്തിലേക്ക് വന്നു. തീ ചാര നിറത്തിലുള്ള മണ്ണായി. കറുത്ത മണ്ണ് ഒരു നൂറ്റാണ്ട് കഴിഞ്ഞ് പെയ്ത പെന്മാരിയിൽ നദിയിലൂടെ ഒഴുകി വന്നു ഒരു താഴ്‌വരയിൽ അടിഞ്ഞു. മണ്ണിൽ അവിടെ സൂക്ഷ്മജീവികൾ പെറ്റുപ്പെരുകി. അവിടെ പുൽനാമ്പുകൾ മുളച്ചു. അത് പുഷ്പിച്ച് ഫലമായി. ഫലങ്ങൾ ജീവികൾക്ക് ആഹാരമായി. ആത്മാവ് സഞ്ചരിച്ച എല്ലാത്തിലും എട്ടുകാലിവലകൾ പോലെ ചിലത് ഉണ്ടായിരുന്നു.
Comments
Post a Comment