ജീവികൾ(കഥ)

പ്രസാദ് കുഞ്ഞുട്ടിയുടെ കിണറിലേക്ക് എത്തി നോക്കിയപ്പോൾ ഇരുട്ട് മാത്രം. ഒന്നുകൂടി എത്തിനോക്കിയപ്പോൾ ഇരുട്ടിനുള്ളിൽ ഇരുട്ടിൻ്റെ കൃഷ്ണമണി പോലെ വെള്ളം വേറിട്ടുനിന്നു. എത്ര ശ്രമിച്ചിട്ടും തൻ്റെ നിഴൽ പോലും കാണാൻ പറ്റാത്ത ഇരുട്ടു കിണർ. ഇരുട്ടിനുളിൽ നിഗൂഢമായ എന്തോ ഒളിപ്പിച്ചു വച്ചിട്ടുണ്ട് എന്ന ഒരു തോന്നൽ. ചുറ്റിലും കല്ലുകളുടെ വലയം ഉണ്ടെങ്കിലും ചെറുക്കൻ കടന്നു വന്നപ്പോൾ കുഞ്ഞുട്ടിയും അതിൻ്റെ പിന്നാലെ വന്നു. ചെറുക്കന് പോലും സംരക്ഷണം നൽകാൻ കഴിയാത്ത വലയത്തിന് പ്രസാദിൻ്റെ മുട്ടിൻ്റെ പകുതി പോക്കമെ ഉള്ളൂ. ചെറുക്കൻ്റെ കഴുത്തിൽ നേരിയ ഒരു കയർ വലയമുണ്ട്. നാല് മാസം പ്രായം ഉള്ള വെള്ള പാണ്ടുള്ള അത് കുഞ്ഞുട്ടിയുടെ ഓമനയായ നായയാണ്. പൊന്നോമനയായ ചെറുക്കൻ പ്രസാദിൻ്റെ പുതിയ പാൻ്റിൽ വന്നു കടിക്കുവാനും മാന്തുവാനും തുടങ്ങി. അതിൻ്റെ കുഞ്ഞുപ്പല്ലുകളും നഖങ്ങളും പാൻ്റിനോട് തോറ്റുപ്പിന്മാറി. കുഞ്ഞുട്ടി അതുക്കണ്ട് ചെറുക്കനെ കൈയിൽ എടുത്ത് അവൻ്റെ കൂട്ടിൽ കൊണ്ടുവന്നു വച്ചു. ചെറുക്കൻ അവൻ്റെ കൂട്ടിൽ കിടക്കുന്ന പ്ലാസ്റ്റിക് പായയിൽ ചുരുണ്ടു മറിഞ്ഞു. കൂട്ടിൽ  ഇട്ടതിൻ്റെ പ്രതിഷേധമാണ്.

പ്രസാദിനെ കുഞ്ഞുട്ടി അകത്തേക്ക് ക്ഷണിച്ചു. വൃദ്ധനായ അയാൾക്ക് മേൽകുപ്പായം ഉണ്ടായിരുന്നില്ല. കറുത്ത പൊക്കം കുറഞ്ഞ അയാളുടെ  ശരീരത്തിൽ നെഞ്ച് മുന്നോട്ട് തള്ളിനിന്നു. അതിനോട് സമരസപ്പെടാനെന്നവണ്ണം തോളുകളും മുന്നോട്ട് തള്ളിയിട്ടുണ്ട്. കുഞ്ഞുട്ടി അടുപ്പിൽ ഉണ്ടാക്കി എടുത്ത കട്ടൻ ചായ കുടിച്ചു അയാളുമായി സംസാരിച്ചു തിണ്ണയിൽ ഇരിക്കുമ്പോഴാണ് മറ്റു കഥാപാത്രമായ പൂവൻകോഴിയുടെ വരവ്. ഒത്ത ശരീരവുമായി നിലകൊണ്ട പ്രസാദിൻ്റെ മുന്നിലൂടെ ഒരു കൂസലും കൂടാതെ അത് നടക്കുന്നു. നോക്കി പേടിപ്പിച്ചിട്ട് പോലും അതിന് ഒരു ഭാവവ്യത്യാസവും ഇല്ല. വീണ്ടും നിഗൂഢത അവനെ വേട്ടയാടി. കുഞ്ഞൂട്ടി ഒരു മുന്നറിയിപ്പ് എന്ന നിലക്ക് കൊത്തണ കൂട്ടത്തിലാണ് കക്ഷി എന്ന സത്യം പറഞ്ഞതും ഒത്ത ശരീരത്തെ ഒരടി പിറകിലേക്ക് മാറ്റി പ്രസാദ്. കോഴി അതിൻ്റെ പാട്ടിന് പോയി സ്ഥലം സുരക്ഷിതമായ നേരത്ത് കുഞ്ഞൂട്ടി ഒരു ചെറിയ പാത്രത്തിൽ കുറച്ച് വെള്ളവുമായി വീടിന് പിന്നിൽ കാടും കല്ലുകളും നിറഞ്ഞ വഴി മുകളിലേക്ക് കേറി പോയി. പ്രസാദിനോട് ഇപ്പൊൾ വരാം എന്നും പറഞ്ഞാണ് അയാൾ പോയത്.

കുറച്ചു നേരം ചെറുക്കനുമായി സമയം കളഞ്ഞപ്പോഴേക്കും കുഞ്ഞൂട്ടി തിരികെ എത്തി. വേനലിൽ വല്ല ചെടിക്കും വെള്ളം ഒഴിക്കാൻ തന്നെ ഈ മായവലയത്തിൽ ഇട്ടു പോയതാകാം എന്ന് കരുതി പ്രസാദ്.

എവിടെ ആയിരുന്നു എന്ന് വെറുതെ കുശലം ചോദിച്ചപ്പോൾ ഞെട്ടലോടെ ഉത്തരം കേട്ട പ്രസാദ് ആദ്യം അത് വിശ്വസിച്ചില്ല. കുഞ്ഞൂട്ടി എല്ലാ ദിവസവും വെള്ളം കൊടുക്കുന്നത് ഒരു സുന്ദരനായ മുർഖനാണ്. കുഞ്ഞൂട്ടിക്ക് പേടിയില്ലേ എന്ന് ചോദിച്ചപ്പോൾ അങ്ങോട്ട് ഉപദ്രവിക്കാതെ ഏതു ജീവിയും പ്രകോപിക്കില്ല എന്നാണ് വിദഗ്ധ വാദം. വെള്ളം കൊടുക്കാത്ത ദിവസം മൂർഖൻ വീട്ടിലേക്ക് വരാറുണ്ട്. അറിയാതെ എൻ്റെ കണ്ണുകൾ വീടിനോട് ചേർന്നുള്ള വിറകുപ്പുരയിലെ വിറകുകളിലൂടെ കണ്ണോടിച്ചു. വീട്ടിലേക്ക് വരാറുള്ള മൂർഖൻ്റെ വഴിക്കൂടി കുഞ്ഞുട്ടി പ്രസാദിനെ കാണിച്ചു. അതിലെ ഇഴഞ്ഞുവരുന്ന മൂർഖൻ്റെ ചിത്രം അവൻ്റെ തലയിലൂടെ ഇഴഞ്ഞു. വർത്തമാനം എല്ലാം കഴിഞ്ഞ് പോകാൻ ഇറങ്ങവെ കുഞ്ഞൂട്ടിയെ നിർത്തി ഒരു ഫോട്ടോ എടുത്ത പ്രസാദ് കുഞ്ഞുട്ടിക്കു ചുറ്റിലും കിണറിന് ചുറ്റിലുമെന്നപ്പോലെ ഒരു പ്രഭാവലയം ഫോട്ടോയിൽ ശ്രദ്ധിച്ചു. പ്രസാദിൻ്റെ മനസ്സിൽ ചുരുളഴിയാത്ത നിഗൂഢതകൾ കിണറിനുള്ളിലെ ഇരുട്ടിനുള്ളിലെ ഇരുട്ട് പോലെ വിതാനിച്ച് നിന്നു.

Comments

Popular posts from this blog

യൂത്ത് പാലം

മെട്രോ പൂച്ച

ഉൽക്ക