തൊണ്ടിമുതൽ ബോധോദയം(കഥ)

ത്രിവിക്രമൻ തന്റെ നൂറ്റിയമ്പതാമത്തെ കൃത്യത്തിലേക്ക് കടന്നു. തന്റെ വയറ്റിപിഴപ്പും കലയും സമന്വയിപ്പിച്ച്  ശരീരം പാമ്പിനെ പോലെ വസവന്റെ വീടിന്റെ ഓട് മേൽക്കൂരയിൽ ഇഴഞ്ഞു. താൻ ഒരു കള്ളനായതിന് കാരണം ഈ നാട്ടുകാർ തന്നെയാണ് എന്നതാണ് അവന്റെ വാദം. കുട്ടിക്കാലത്ത് പാപ്പച്ചന്റെ കടയിൽ നിന്നും പറ്റുപ്പറഞ്ഞ് കുറച്ചു വാളൻപുളി മേടിക്കാൻ പോയതാണ്. പറ്റ് കൂടി വരുന്നതിനാൽ അയാളുടെ ഉണ്ടക്കണ്ണുകളിലെ നീരസം വിക്രമൻ വായിച്ചു. സംഗതി അന്തരീക്ഷം മോശം ആണെങ്കിലും വിക്രമന്റെ കണ്ണ് അവിടെ ചാക്കിൽ വച്ചിരുന്ന നിലകടലയിൽ ഉടക്കി കൊതി കയറി. വീട്ടിൽ ചെന്നാൽ അമ്മ ആകെ തരുക കുറച്ചു ചോറും വറ്റാണ്. അത് കിട്ടണമെങ്കിൽ കഞ്ഞിവെള്ളത്തിൽ മുങ്ങി തപ്പണം. പാപ്പച്ചൻ മറ്റൊരാളുമായി കച്ചവടത്തിൽ ഏർപ്പെട്ട നേരത്ത് വിക്രമൻ നിലകടലകൾ പലതും പോക്കറ്റിൽ ഇട്ടു. കൃത്യം നടത്തി തല ഉയർത്തിയപ്പോൾ അവന്റെ കണ്ണുകൾ തീ ജ്വലിക്കുന്ന രണ്ടു കണ്ണുകൾ കണ്ടു. ആളുകൾ കൂടി. പാപ്പച്ചന്റെ കൈകൾ വിക്രമന്റെ മുഖത്തും പുറത്തും പാടുകൾ വീഴ്ത്തി.

അന്ന് മുതൽ വെറും വിക്രമൻ ത്രിവിക്രമൻ ആയി. നാട്ടുകാരും കൂട്ടുകാരും അവനെ മുനവച്ചു സംസാരിക്കാനും എഴുതാപുറങ്ങൾ എഴുതാനും തുടങ്ങി. അവൻ വളർന്നു വരികയും ഒരു ജോലി ചെയ്യാൻ പറ്റാത്ത അവസ്ഥ എത്തുകയും ചെയ്‌തു. ഏതു കാര്യം ചെയ്യുമ്പോഴും തന്റെ സത്യസന്ധത ചോദ്യം ചെയ്യപ്പെട്ടു. ത്രിവിക്രമൻ ഒടുവിൽ മോഷണം തുടങ്ങി.
നൂറ്റിനാൽപ്പത്തിയൊമ്പത് മോഷണങ്ങൾ പിടികൊടുക്കാതെ നടത്തിയിരിക്കുന്നു.മോഷണം സംഭവിച്ചു എന്നറിയുന്നതിന് മുൻപ് തൊണ്ടി കര കടക്കും,രൂപവും ഭാവവും മാറ്റം വരും. നാട്ടുകാർ സുഖനിദ്രയിൽ ആകുന്ന സമയം അയാൾക്ക് തിയറിയാണ്. കാലാവസ്ഥയും,നാട്ടിലെ വിശേഷങ്ങളും,
ദിവസങ്ങളുടെ പ്രത്യേകതകളും വെച്ചുള്ള കണക്കുക്കുട്ടലുകളാൽ മെനഞ്ഞവയിൽ ഒന്ന്. മോക്ഷണത്തിൽ അനുഭവങ്ങളുടെ വെളിച്ചത്തിൽ ജീവനുള്ള ആ തിയറികളാണ് ഉപയോഗിക്കുക. തന്റേതായ രീതിവച്ച് ഓട് പൊളിച്ചു മാറ്റി. മച്ച് ഇളക്കി കയർ ഇട്ട് താഴോട്ടിറങ്ങി ഉറങ്ങുന്നവരെ ഒരു പൊടിയെന്ന പോലും ശല്യപ്പെടുത്താതെ സാധനം എടുക്കുക എന്നതാണ് കലാപരമായ സവിശേഷത.

വാസവന്റെ വാടകവീട്ടിൽ താമസിക്കുന്നത് അന്യനാട്ടിൽ നിന്നും വന്നു താമസിക്കുന്ന രണ്ടു യുവമിഥുനങ്ങളാണ്. അവരുടെ രീതികളും മട്ടും ഒന്നും നാട്ടുകർക്കത്ര ബോധിച്ചിട്ടില്ല. സാധാരണ സദാചാരങ്ങൾക്ക്‌ പുല്ലുവിലയിട്ടാണ് അവരുടെ ജീവിത രീതി എന്നാണ് ആളുകൾക്ക് ആക്ഷേപം. വിലപിടിപ്പുള്ള എന്തോ ഒന്ന് ത്രിവിക്രമൻ അവരുടെ സവിധത്തിൽ മണത്തു. ഓടുകൾ ഇളക്കി മച്ചിൽ കാലുകൾ പതിപ്പിച്ചു. അപ്പോൾ മച്ചിന്റെ വിടവിലൂടെ താഴെ അവൻ ആ കാഴ്ച്ച കണ്ടു. രതിയിൽ ഏർപ്പെടുന്ന സ്ത്രീ-പുരുഷ ജോടി. പല രതികൾക്കും പല വീടുകളിൽ സാക്ഷിയായ അയാൾക്ക് ഈ പുതിയ രതി ഒരു അത്ഭുതം ആയിരുന്നു. സദാചാര മര്യാദകൾ പാലിക്കാത്ത ആ ജോടിയിൽ  അധികാരം പൂർണമായി യുവതി നേടിയിരിക്കുന്നു. യുവാവ് ഒരു കളിപ്പാവപ്പോലെ കിടക്കുന്നു. യുവതിയുടെ മനസിനും ശരീരത്തിനും കീഴപ്പെട്ട ആണൊരുത്തൻ. ത്രിവിക്രമന്റെ ചിന്തകൾ ഉണർന്നു. തന്റെ നിലനിൽപ്പിനെ ചോദ്യം ചെയ്യുന്ന കാഴ്ച. സാമൂഹികമായ രീതിശാസ്ത്രവും താനും തമ്മിൽ ഉള്ള വ്യതിയാനതിന്റെ ശരി തെറ്റുകൾ. സ്ത്രീ പുരുഷ തലത്തിന്റെ വെച്ചുമാറാലിന്റെ കാണാപ്പുറങ്ങൾ. പ്രപഞ്ച ഉത്ഭവം,
ലോകാവസാനം. തന്റെ തലയിൽ ഉൾക്കൊള്ളാൻ പറ്റുന്ന പരിധിയോട് ഉൾകൊള്ളുന്ന കാര്യങ്ങൾ. ത്രിവിക്രമന് ജീവിതത്തിൽ ഇതുവരെ തോന്നാത്തത്ര ആനന്ദം തോന്നി. തന്റെ ഉൾകണ്ണു തുറപ്പിച്ചു ആ രണ്ടു മനുഷ്യരോടുള്ള നന്ദി രേഖപ്പെടുത്തുവനായി ഉത്ഭവത്തിൽ എന്നപ്പോലെ നനഗ്നരായി കിടന്ന അവർക്ക് ഇടയിലേക്ക് അയാൾ കയറിലൂടെ ഊർന്നിറങ്ങി. തന്റെ നൂറ്റിയമ്പതാമത്തെ മോഷണത്തിന്റെ തൊണ്ടിമുതൽ ബോധോദയത്തിന്റെതായിരുന്നു. തൊണ്ടിമുതൽ അയാൾ ഉള്ളിൽ ഒളിപ്പിച്ചു.

Comments

Popular posts from this blog

യൂത്ത് പാലം

മെട്രോ പൂച്ച

ഉൽക്ക