പഥികൻ (കഥ)
തെക്കൻ ദേശത്തുനിന്നും വടക്കൻ ദേശത്തെ തന്റെ വീട്ടിലേക്ക് പോകുകയാണ് മാധവൻ. ഇരുട്ടിന്റെ പടുകുഴിയിലേക്ക് സാവധാനം ഇറങ്ങിയ മാധവൻ അതു തിരിച്ചറിഞ്ഞത് ചുവടുകൾ പലതും പിഴച്ചപ്പോൾ ആണ്.കരിംകാറ്റ് കണ്ണിൽ അടിച്ചു മൂടൽ കേറിയപ്പോൾ മനക്കാഴ്ച്ച വച്ചു കൈവിരലുകൾ നിലത്ത് പരതി.ഇടുത്തിപോലെ ആ സത്യം അയാളെ പിടിച്ചുലച്ചു.ചിതറികിടക്കുന്ന മുളത്തടി നാരുകൾ,ചെമ്പിൽ തീർത്ത മണിനാദങ്ങളുടെ ചീളുകൾ.പാഴ്മരതടികളും പാറകല്ലുകളും നിറഞ്ഞു കേറിയ ഒറ്റവഴി.
മാധവന്റെ കാലുകൾ തളർന്നു.ഓരോ രോമകൂപങ്ങളിൽ നിന്നും വിയർപ്പുമണികൾ പൊട്ടി വീണു.കൈവിരലുകൾ വെട്ടിവിറച്ചു.മനസ്സ് ഇരുട്ടിൽ നിന്നും ഇരുട്ടിലേക്ക് കുത്തിവീണു.കൂരിരുട്ടിൽ താൻ എത്തിച്ചേർന്നിരിക്കുന്നത് രാത്രി ആരും പോകാൻ മടിക്കുന്ന മരതകമലയിലേക്കുള്ള ഒറ്റവഴിയിലാണ്.രാത്രിയുടെ ഒന്നാം യാമശേഷം നിധിവെളിപ്പെടുത്തി കാവലിരിക്കുന്ന മണ്ണാർഭുതത്തിന്റെ മരതകമല.നിധി മോഹിച്ച് വരുന്ന ആരെയെങ്കിലും കൺവെട്ടത്ത് കാണുന്ന നേരം ഭൂതം കൈയിൽ കരുതിയ മണികൾ മുഴക്കും.കൂട്ടമണികൾ മുഴക്കി പൊട്ടിചിതറി തെറിക്കുന്നതിനു മുൻപ് മരതക മലയിൽ ഉറങ്ങി കിടക്കുന്ന ആയിരം പടയാളികൾ നിദ്ര വെടിഞ്ഞ് മുളയിൽ തീർത്ത കുന്തങ്ങളുമായി പുറത്തു വരും.കുന്തമുനകൊണ്ടു നിധി അപഹരിക്കാൻ വന്നയാളുടെ ശരീരത്തിൽ ഓരോ മുറിവുകൾ ഉണ്ടാക്കും.ആയിരം മുറിവുകളിൽ നിന്നും ചോരവാർന്നു നിരവധി ആളുകൾ അടിഞ്ഞു വീണ മണ്ണിൽ നിന്നും ഓരോ ശ്വാസത്തിലും ചോരയുടെ മണം മാധവൻ ശ്വസിച്ചു.തെക്കൻ ദേശത്തെ കോവിലിൽ ഉത്സവപരുപാടികൾ നീണ്ടുപോയി മടങ്ങി വന്നപ്പോൾ വൈകിയിരുന്നു.വീട്ടിൽ കളിപ്പാട്ടങ്ങൾ കാത്തു മക്കൾ.കാതിലയും കൈവളയും കണ്മഷിയും ഓൾക്ക്.പിന്നെ കുറച്ചു ചാരായം ബാക്കിയായത്.കൈയിൽ ഇരുന്ന തുണിസഞ്ചിയിൽ നിന്നും വിരലുകൾ വെട്ടി വിറക്കെ ആ സമ്മാനങ്ങൾ കിരുകിരുത്തു.
ചോരവർന്നു ശോഷിച്ച തന്റെ ഉടൽ വീടിന്റെ മുറ്റത്ത് എരിയുന്ന ചിതയിൽ ഒരു വിറകുകൊള്ളി പോലെ എരിയാൻ പോലും പറ്റുകയില്ല എന്ന ചിന്ത കേറി തലയിൽ.സഞ്ചിയിൽ നിന്നും അവസാന പങ്കു ചാരായം അയാൾ ഒറ്റ വലിക്ക് മോന്തി.
ആ നേരമാണ് മാധവനെ മറ്റൊരു ചിന്ത പിടിച്ചുലച്ചത്.താൻ വെറുമൊരു തച്ചൻ. നിധി മോഹിക്കാതെ വഴി തെറ്റി വന്ന പാവം പഥികൻ.ഈ പാവത്തിനെ എന്തിന് മണ്ണാർഭൂതം ഉപദ്രവിക്കണം.അയാളുടെ കാലുകളിൽ ബലം വച്ചു.കൈ വിരലുകൾ ശാന്തമായി.വിയർപ്പുത്തുള്ളികൾ ഉറഞ്ഞു.മാധവൻ ഒറ്റവഴി തിരിഞ്ഞു പോകാൻ തുടങ്ങി.
പെട്ടെന്ന് മാധവന്റെ കണ്ണുകൾ ആ കഴ്ച്ച കണ്ടു.കണ്ണിലേക്ക് സൂര്യപ്രകാശം കുത്തിയ പോലെ അതു കണ്ടമാത്ര അയാൾ അസ്വസ്‌ഥമായി.മലയിലേക്കു ഒറ്റവഴി തെറ്റി കയറുന്ന കല്ലുവഴി കടപുഴകിയ ഒരു പഴയ വൃക്ഷത്തിന്റെ പൊത്തിൽ നിന്നും ഒരു തീശോഭ.മാധവൻ പതിയെ അങ്ങോട്ടു കയറി ചെന്ന് പൊത്തിലേക്ക് കണ്ണിട്ടു.മരതക മലയുടെ അകത്തേക്ക് വ്യാപിച്ചു കിടക്കുന്ന നിധിമല.മാധവന്റെ കണ്ണുകളിൽ ആ കാഴ്ച സ്വർണം ചാലിച്ചു.മാധവന്റെ കാലുകൾ ആ ഭീമൻ പൊത്തിലേക്ക് മെല്ലെ ഇറങ്ങി.ഞൊടിയിടയിൽ വലിയ മണിമുഴക്കങ്ങൾ കേട്ടു.ആയിരം ജോടി കാലുകളുടെ പ്രകമ്പനം ഇരമ്പി.മാധവന്റെ ശരീരത്തിൽ ആയിരം മുറിവുകൾ സൃഷ്ടിയെടുത്തു.ആയിരം മുറിവുകളിൽ നിന്നും ആയിരം ചോരത്തുള്ളികൾ പൊടിഞ്ഞു വീണു.
Comments
Post a Comment