യാത്ര
കാറ്റിൽ ഇലകൾ പരസ്പ്പരം തൊടുന്നതും ഇടുങ്ങിയ മരങ്ങൾ ഞെരുങ്ങുന്നതും കൂടാതെ ചീവീടുകൾ ഉൾപ്പടെയുളള പ്രാണിവർഗങ്ങളും, പക്ഷികളും,എവിടെയോ ഒഴുകുന്ന അരുവിയുടെ ശബ്ദവുമെല്ലാം കലർന്നു കേൾക്കാം. 'ഇവിടേക്ക് പ്രവേശനം ഇല്ല' എന്ന തുരുമ്പിച്ച ബോർഡ് അവഗണിച്ചാണ് അജിത്ത് ആ മുള്ള് വേലിയിൽ ഷർട്ട് ഉടക്കാതെ കാട്ടിലേക്ക് കയറിയത്. വഴിയിൽ ഇലകൾ വീണു പുതഞ്ഞുക്കിടന്നതിന് ഇടയിലൂടെ പുല്ലുകൾ ഉയർന്നിട്ടുണ്ട്. ചിലയിടങ്ങളിൽ വഴിക്ക് മീതെ പാഴ്മരങ്ങൾ വീണു കിടന്നു. ചിതലും, ഉറുമ്പുകളും അതിൽ ഇഴഞ്ഞു നീങ്ങുന്നത് അവൻ കണ്ടു. വേഴാമ്പൽ കൂവുന്നത് കേട്ടപ്പോൾ ഒന്നുന്നിന്ന് അത് എവിടെ നിന്നു വരുന്നുവെന്നു നോക്കി. എന്നാൽ അതിനെയവന് കാണുവാൻ പറ്റിയില്ല. പോകുന്ന വഴിയിൽ ഏതോ മൃഗം കാഷ്ട്ടിച്ചിട്ടതിന് അടുത്തായി അജിത്ത് വന്നു നിന്നു. അത് ഏത് മൃഗമായിരിക്കാം എന്നു അവന് ഊഹിക്കാൻ പറ്റിയില്ല. അതിൽ നിന്നും വമിക്കുന്ന മണം അവന് പുതിയതായി തോന്നി. ഉച്ച സമയമാണെങ്കിലും മുന്നോട്ട് പോകപ്പോകേ കണ്ണുകളിൽ നിഴലുകൾ കനം വെക്കുന്നതായി അവന് മനസിലായി. കനം വച്ച നിഴലുകൾ ഒടുവിൽ അജിത്തിന്റെ കണ്ണുകളെ മൂടി. ഒന്നും കാണുവാനാകാതെ അവനു ചെറിയ ഭീതി കേറ...